1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2018

സ്വന്തം ലേഖകന്‍: അച്ഛന്റെ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ വാണി വിശ്വനാഥ്; തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയാകും; ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതു തെലുങ്കുദേശം പാര്‍ട്ടിയാണ് എന്ന് നടി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ ചേരണം എന്ന് ആവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. ഇറങ്ങുകയാണെങ്കില്‍ അവര്‍ക്കൊപ്പമായിരിക്കുമെന്നു താന്‍ ഉറപ്പു നല്‍കിയിരുന്നതായും വാണി വിശ്വനാഥ് അറിയിച്ചിരുന്നു.

രാഷ്ട്രീയ നേതാക്കളില്‍ തനിക്ക് ഏറ്റവും ബഹുമാനമുള്ളത് തെലുങ്കുദേശം പാര്‍ട്ടി നേതാവായ ചന്ദ്രബാബു നായിഡുവിനോടാണെന്ന് വാണി അറിയിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്കു പുറമെ തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിലാണ് തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയായി വാണി വിശ്വനാഥ് മത്സരിക്കും.

നഗരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. അതേസമയം, ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ടിഡിപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങും. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി തെലുങ്കുദേശം പാര്‍ട്ടി നേതാവായ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയെന്നും കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കുമെന്നും വാണി വിശ്വനാഥ് പറഞ്ഞു.

നാല്‍പ്പത് വയസില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങും എന്ന് അച്ഛന്‍ പ്രവചിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടെന്ന് വാണി പറഞ്ഞു. തെലുങ്കു സിനിമയില്‍ തിളങ്ങിനിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്. 1992ല്‍ പുറത്തിറങ്ങിയ സാമ്രാട്ട് അശോക എന്ന ചിത്രത്തില്‍ അശോകചക്രവര്‍ത്തിയായി എന്‍ടിആര്‍ കിരീടമണിഞ്ഞപ്പോള്‍ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്.

തെലുങ്കുദേശത്തില്‍ സജീവമായിരുന്ന നടി റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതുമാണ് വാണിയുടെ രാഷ്ട്രീയ പ്രവേശത്തിന് വഴിയൊരുക്കിയത്. നഗരി മണ്ഡലത്തില്‍ നിലവില്‍ നടി റോജയാണ് എംഎല്‍എ. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധിയായ റോജയെ തോല്‍പിക്കാന്‍ മറ്റൊരു നടിയെ ഉപയോഗിക്കുക എന്ന തന്ത്രമാണ് ചന്ദ്രബാബു നായിഡു പയറ്റുന്നത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.