1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2019

സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കമാകും; പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രവാസി സംഗമത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ചയാണ് നിര്‍വഹിക്കുക.

മോദിയുടെ മണ്ഡലമായ വാരാണസിയില്‍ നടക്കുന്ന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാരാണസി സ്റ്റേഡിയമാണ് സമ്മേളനവേദി. മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് വേദിയും വാരാണസിയിലെ റോഡുകളും. യു.പി മുഖ്യമന്ത്രിക്കു പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാവിലെ നടക്കുന്ന പ്രാരംഭ സെഷനുകളില്‍ സംസാരിക്കും.

ഉത്തര്‍പ്രദേശിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനുള്ള അവസരമായും പ്രവാസി സമ്മേളനത്തെ പ്രയോജനപ്പെടുത്താനാണ് പദ്ധതി. വാരാണസിയിലെ ജനങ്ങളും വര്‍ധിച്ച താല്‍പര്യത്തോടെയാണ് സമ്മേളനത്തെ ഉറ്റുനോക്കുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്ന് വലിയ തോതിലുള്ള പ്രാതിനിധ്യം ഇക്കുറി ഉണ്ടാവില്ല എന്നാണ് സൂചന. എന്നാല്‍ മുന്നൂറോളം പേര്‍ യു.എ.ഇയില്‍ നിന്നു മാത്രം സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ദുബൈ കോണ്‍സുലേറ്റ് അറിയിച്ചത്.

രജിസ്‌ട്രേഷന്‍ പ്രക്രിയ അവസാനിച്ചിട്ടും തണുത്ത പ്രതികരണം മുന്‍നിര്‍ത്തി കൂടുതല്‍ പേരെ എത്തിക്കാനുള്ള നീക്കത്തിലാണ് ബന്ധപ്പെട്ടവര്‍. 23നാണ് സമാപനം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന സമാപന സമ്മേളനത്തില്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.