1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2018

സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശനത്തിനായി ഔദ്യോഗികമായി ക്ഷണിച്ചു; സന്ദേശം കൈമാറിയത് വത്തിക്കാനിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. വത്തിക്കാനില്‍ സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ– ഇന്നാണ് കിമ്മിന്റെ സന്ദേശം മാര്‍പാപ്പയെ നേരിട്ട് അറിയിച്ചത്. അരമണിക്കൂറോളം തുടര്‍ന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇത്.

ആവശ്യത്തോട് അനുഭാവ പൂര്‍ണമായ സമീപനമാണു വത്തിക്കാന്‍ സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു. അങ്ങനെയെങ്കില്‍ ചരിത്രപരമായ സന്ദര്‍ശനമായിരിക്കും മാര്‍പാപ്പ ഉത്തരകൊറിയയില്‍ നടത്തുക. ഇന്നേവരെയുള്ള മാര്‍പാപ്പമാരില്‍ ആരും ഉത്തര കൊറിയ സന്ദര്‍ശിച്ചിട്ടില്ല. മതപുരോഹിതരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്ന രാജ്യം കൂടിയാണ് ഉത്തര കൊറിയ.

കാത്തലിക് മതവിശ്വാസികള്‍ രാജ്യത്ത് എത്ര ശതമാനമുണ്ടെന്നു പോലും വ്യക്തമല്ല. വിശ്വാസികള്‍ക്കായി ഉത്തര കൊറിയ എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നതും അവ്യക്തമാണ്. പോപ് ഉത്തര കൊറിയ സന്ദര്‍ശിക്കണമെന്ന ആഗ്രഹം അടുത്തിടെ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ അറിയിച്ചത്. തുടര്‍ന്നായിരുന്നു സന്ദേശം മൂണ്‍ ജെ–ഇന്‍ കൈമാറിയത്.

കൊറിയന്‍ പെനിന്‍സുലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ശക്തമായ പിന്തുണയുണ്ടെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. ‘നിര്‍ത്തരുത്, മുന്നോട്ടു തന്നെ പോവുക, ഭയക്കുകയുമരുത്…’ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്കു മറുപടിയായി മാര്‍പാപ്പ പറഞ്ഞത് ഇക്കാര്യങ്ങളാണെന്നും മൂണ്‍ ജെ–ഇന്‍ വ്യക്തമാക്കി.

ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിന് മൂണ്‍ ജെ–ഇന്നിന്റെ സന്ദേശം തന്നെ മതിയാകും. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക ക്ഷണം കിമ്മിന്റെ ഭാഗത്തു നിന്ന് ലഭിക്കുകയാണെങ്കില്‍ നല്ലതാണ്. ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും മറുപടി നല്‍കും, അവിടേക്കു തനിക്കു പോകാനാകുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. അടുത്ത വര്‍ഷം ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍പാപ്പ ജപ്പാനിലെത്തുന്നുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.