1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2015

സ്വന്തം ലേഖകന്‍: വത്തിക്കാനില്‍ അമേരിക്കന്‍ മോഡല്‍ ചാവേര്‍ ആക്രമണത്തിന് അല്‍ ഖ്വയിദ പദ്ധതിയിട്ടതായി ഇറ്റാലിയന്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. അല്‍ ഖ്വയ്ദ നിയന്ത്രണത്തിലുള്ള ഒരു സംഘം ഭീകരര്‍ അഞ്ചു വര്‍ഷം മുമ്പ് വത്തിക്കാനില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെങ്കിലും അവര്‍ പരാജയപ്പെട്ടെന്ന് പോലീസ് പറയുന്നു.

2009 ല്‍ നൂറോളം പേരുടെ മരണത്തിനിടയാക്കിയ പാകിസ്ഥാനിലെ സ്‌ഫോടനത്തിനു പിന്നിലും ഈ സംഘമാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പെഷവാറിലെ മാര്‍ക്കറ്റ് പരിസരത്താണ് സ്‌ഫോടനം നടന്നത്.

ഇറ്റാലിയന്‍ ദ്വീപായ സര്‍ഡീനിയയുടെ തലസ്ഥാനമായ കാഗ്ലിയറിയിലാണ് വത്തിക്കാന്‍ ആക്രമണത്തിനുള്ള ഗൂഡാലോചന നടന്നെതന്നാണ് സൂചന. സംശയിക്കപ്പെടുന്ന പതിനെട്ട് ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ ഇതു സംബന്ധിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇവര്‍ക്കായി ഇറ്റലിയിലെ ഏഴോളം പ്രവിശ്യകളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട ഇതുവരെ ഒമ്പതു പേര്‍ അറസ്റ്റിലായതായി ഭീകര വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥന്‍ മരിയോ കാര്‍ട്ട അറിയിച്ചു. ഏഴു പേര്‍ പാകിസ്ഥാനിലാണെന്ന് സംശയിക്കുന്നു. 2005 മുതല്‍ സര്‍ഡീനിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാക്, അഫ്ഗാന്‍ പൗരന്മാരടങ്ങുന്ന തീവ്രവാദ ശൃംഖലയെയാണ് ഭീകര വിരുദ്ധ പൊലീസ് ലക്ഷ്യമിടുന്നത്.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായിരുന്ന 2010 ലാണ് ചാവേര്‍ അക്രമണത്തിന് പദ്ധതിയിട്ടത്. വത്തിക്കാനെതിരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ചാവേറില്‍ നിന്നാണ് ഗൂഡാലോചനയെപ്പറ്റി സൂചന ലഭിച്ചത്. ഈ വര്‍ഷം തുടക്കത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട ദൃശ്യത്തില്‍ തെക്കന്‍ റോമിലെ തീവ്രവാദ സാന്നിദ്ധ്യം ഉറപ്പിക്കുന്നുണ്ട്. റോമില്‍ ആക്രമണം നടക്കാനുള്ള സാധ്യതയെക്കുറിച്ചും നഗരത്തിലേക്കുള്ള ചാവേറിന്റെ വരവിനെ കുറിച്ചും ഇതില്‍ സൂചനകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.