1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2016

സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ പട്ടിണി തരംഗം, സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഭക്ഷണ ക്ഷാമം രൂക്ഷമായതോടെയാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും ബിസിനസ് സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നത്. ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള ലഹള തുടങ്ങിയതോടെ ഡെലിവറി ട്രക്കുകളില്‍ നിന്നും സാധനകൈമാറ്റം നടത്താന്‍ പോലും പട്ടാള സുരക്ഷ വേണമെന്ന സ്ഥിതിയാണ്.

പ്രമുഖ നഗരമായ കുമാനയില്‍ ഡെലിവറി ട്രക്കുകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ പതിവാണ്. ഭക്ഷണത്തിന് വേണ്ടി തെരുവില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു നാലു വയസ്സുകാരി മരണമടഞ്ഞിരുന്നു. ബേക്കറികള്‍ക്ക് പോലും സൈനികരുടെ കാവല്‍ വേണമെന്ന നിലയിലാണ്. പലചരക്ക് കടകള്‍, അറവുശാല, ഫാര്‍മസികള്‍ തുടങ്ങി കടകള്‍ കൊള്ളയടിച്ച ജനക്കൂട്ടത്തിന് നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചു.

രാജ്യത്തെ സ്വതന്ത്രപോരാളികളുടെ പേരില്‍ അറിയപ്പെടുന്ന കുമാനോ നഗരത്തില്‍ നൂറു കണക്കിന് ജനങ്ങളാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്കു കടകളിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊള്ള നടത്തിയത്. കൂറ്റന്‍ താഴിട്ടുപൂട്ടിയ ലോഹനിര്‍മ്മിത ഗേറ്റുകള്‍ തല്ലിത്തകര്‍ത്ത് അകത്തു കയറിയ ആള്‍ക്കാര്‍ കുപ്പി വെള്ളവും ധാന്യങ്ങളും പഞ്ചസാര, ഉപ്പ്, ഉരുളക്കിഴങ്ങ്, കണ്ണില്‍കണ്ടതെല്ലാം കൊണ്ടുപോയി. ആള്‍ക്കാര്‍ പോയപ്പോള്‍ ശേഷിച്ചത് തകര്‍ന്ന ഫ്രീസറും ശൂന്യമായ ഷെല്‍ഫുകളും മാത്രം.

അടുത്ത കാലത്ത് ഉണ്ടായ സാമ്പത്തിക തകര്‍ച്ചയാണ് വെനസ്വേലയെ ഈ അവസ്ഥയില്‍ എത്തിച്ചത്. ഭക്ഷ്യ വസ്തുക്കള്‍ മതിയായ രീതിയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത രാജ്യം മിക്കവാറും മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. കൈവിട്ട നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ പ്രസിഡന്റ് നിക്കോളാസ് മദൂരോ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.