1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2017

സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ കസേരയിളകുന്നു, പ്രതിഷേധവുമായി ലക്ഷങ്ങള്‍ തെരുവില്‍, പ്രസിഡന്റിനെതിരെ സമാന്തര ഹിതപരിശോധനയുമായി പ്രതിപക്ഷം. ഭരണഘടന പൊളിച്ചെഴുതുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് അധികാരമുള്ള പ്രത്യേക അസംബ്ലി രൂപവത്കരിക്കാന്‍ മഡൂറോ നീക്കം തുടരുന്നതിനിടെയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. ഞായറാഴ്ച ലക്ഷങ്ങളെ തെരുവിലിറക്കി തലസ്ഥാന നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു പുറമെ അനൗദ്യോഗിക ഹിതപരിശോധനയും നടത്തി.

72 ലക്ഷത്തോളം പേര്‍ പ്രസിഡന്റിനെതിരെ വോട്ടു ചെയ്യാന്‍ എത്തിയതായി സംഘാടകര്‍ പറഞ്ഞു. 2013ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതിന്റെ മൂന്നിലൊന്ന് പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടും ഇത്രയുമേറെ പേര്‍ എത്തിയത് വന്‍ വിജയമാണെന്നും ഹ്യൂഗോ ഷാവെസിന്റെ പിന്‍ഗാമിയായി 75 ലക്ഷം വോട്ടുകളുമായി അധികാരമേറ്റ മഡൂറോയെ താഴെയിറക്കാന്‍ പുതിയ മുന്നേറ്റത്തിന് കഴിയുമെന്നും പ്രതിപക്ഷ സഖ്യം അവകാശപ്പെട്ടു.

ഹിതപരിശോധന നിയമവിരുദ്ധമായി പ്രഖ്യാപിച്ച മഡൂറോ ഈ മാസം 30 ന് യഥാര്‍ഥ വോട്ടെടുപ്പ് നടത്തുമെന്നും ജനം അനുകൂലമായി വിധിയെഴുതിയാല്‍ കൂടുതല്‍ അധികാരങ്ങളുള്ള പുതിയ അസംബ്ലി നിലവില്‍ വരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടന പൊളിച്ചെഴുതുന്നതിനു പുറമെ സര്‍ക്കാറിനു കീഴിലെ സ്ഥാപനങ്ങളെ പിരിച്ചുവിടാനും അധികാരമുള്ളതായിരിക്കും ഭരണഘടനാ അസംബ്ലി. അതിനിടെ കറാക്കസിനോടു ചേര്‍ന്നുള്ള ഉള്‍ഗ്രാമമായ കാറ്റിയയില്‍ വോട്ടുചെയ്യാനെത്തിയ ഒരു സ്ത്രീ വെടിയേറ്റു മരിച്ചത് സ്ഥിതി വഷളാക്കിയിട്ടുണ്ട്.

മാസങ്ങളായി തുടരുന്ന മഡൂറോ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നൂറിലേറെ പേര്‍ മരിച്ചതായാണ് കണക്ക്. പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ഹിതപരിശേധന നടക്കുന്നതിനെ ഉണ്ടായ ആക്രമ സംഭവങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്കന്‍ വക്താവ് ഹെതര്‍ നൊവെര്‍ട്ട് ആവശ്യപ്പെട്ടു. മൂന്നു മാസത്തിനിടെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത 2500 ലേറെപ്പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ 700 ലേറെ പേര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.