1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2017

സ്വന്തം ലേഖകന്‍: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ 72% പോളിംഗ്, സോളാര്‍ കൊടുങ്കാറ്റിനിടെ ആശങ്കയോടെ യുഡിഎഫും പ്രതീക്ഷയോടെ എല്‍ഡിഎഫും. കഴിഞ്ഞ ദിവസം രാവിലെ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചക്ക് ശേഷമാണ് ചൂടുപിടിച്ചത്. എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. വേങ്ങര, എ.ആര്‍ നഗര്‍, കണ്ണമംഗലം, ഒതുക്കുങ്ങല്‍, പറപ്പൂര്‍, ഊരകം എന്നീ ആറ് പഞ്ചായത്തുകളിലായി 148 ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്.

ആകെ 1,70,009 വോട്ടര്‍മാരില്‍ 1,22,379 പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. 87,750ല്‍ 56,516 പുരുഷന്മാരും 82,259ല്‍ 65,863 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. അഞ്ച് മാതൃക ബൂത്തുകളും അഞ്ച് വനിത ബൂത്തുകളുമുണ്ടായിരുന്നു. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ഏഴോടെയാണ് അവസാനിച്ചത്. വിവിപാറ്റ് മെഷീന്‍ ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ കാര്യമായ സാങ്കേതിക തകരാറോ പ്രശ്‌നങ്ങളോ എവിടെയുമുണ്ടായില്ല. ചുരുക്കും ചില ബൂത്തുകളില്‍ മാത്രമാണ് യന്ത്രം തകരാറായത്. ഇത് വൈകാതെ പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നു.

പത്ത് പ്രശ്‌നബാധിത ബൂത്തുകളുണ്ടായിരുന്നെങ്കിലും അക്രമ സംഭവങ്ങളൊന്നുമുണ്ടായില്ല. എല്ലാ ബൂത്തുകളിലും വീല്‍ചെയര്‍ ഒരുക്കിയിരുന്നു. ആറ് സ്ഥാനാര്‍ഥികളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി.പി. ബഷീറിന് മാത്രമാണ് മണ്ഡലത്തില്‍ വോട്ടുണ്ടായിരുന്നത്. വിജയ പ്രതീക്ഷയുണ്ടെന്ന് മമ്പുറം ജിയുപി സ്‌കൂളില്‍ കുടുംബവുമായെത്തി വോട്ട് രേഖപ്പെടുത്തി ശേഷം അദ്ദേഹം പ്രതികരിച്ചു. 2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 70.77 ആയിരുന്നു വേങ്ങരയിലെ പോളിങ് ശതമാനം. 2017ലെ മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ഇത് 67.76 ശതമാനമായിരുന്നു.

യുഡിഎഫ് വിജയം പ്രതീക്ഷിച്ചതാണെന്നും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ പ്രതികരിച്ചു. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷ യാത്ര വോട്ടര്‍മാര്‍ക്കിടയില്‍ ആവേശം പകര്‍ന്നതായും ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷ ബിജെപി സ്ഥാനാര്‍ത്ഥി ജനചന്ദ്രന്‍ മാസ്റ്ററും പങ്കുവെച്ചു. രണ്ട് സ്വതന്ത്രരുള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണ് വേങ്ങരയില്‍ മല്‍സരരംഗത്തുള്ളത്. 15 നാണ് ഫലപ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.