1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2018

സ്വന്തം ലേഖകന്‍: വായ്പ കുടിശിക മുഴുവന്‍ തിരിച്ചടയ്ക്കാം, ദയവായി സ്വീകരിക്കണമെന്ന് ബാങ്കുകളോട് വിജയ് മല്യ; പ്രഖ്യാപനം മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി വിധി പറയുന്നതിന് തൊട്ടുമുമ്പ്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് വഴങ്ങാന്‍ തയ്യാറാണെന്ന നിലപാടുമായി മല്യ രംഗത്തുവന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത മൂന്നു ട്വീറ്റുകളിലൂടെയാണ് മല്യ പുതിയ നിലപാട് വ്യക്തമാക്കിയത്.

‘തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ട് വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു. സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കാരണമെന്തെന്നും,’ മല്യ ട്വിറ്ററില്‍ ചോദിക്കുന്നു.

‘വ്യോമയാന ഇന്ധനത്തിന്റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന് ബാരലിന് 140 ഡോളര്‍ വരെ വിലയെത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. നഷ് ടം പെരുകി, ബാങ്കുകള്‍ നല്‍കിയ വായ്പാ തുക മുഴുവന്‍ അങ്ങനെയാണ് പോയത്. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. അത് സ്വീകരിക്കണം,’ മല്യയുടെ ട്വീറ്റില്‍ പറയുന്നു.

വായ്പ തിരിച്ചടയ്ക്കാത്തതിന് ബാങ്കുകള്‍ നടപടി തുടങ്ങിയതോടെ 2016 മാര്‍ച്ചിലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മല്യയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ വിചാരണക്കായി മല്യയെ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്.

‘രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ വായ്പാ തട്ടിപ്പുകാരനായി ചിത്രീകരിക്കുന്നു. ഇത് കള്ളമാണ്. താന്‍ കര്‍ണാടക ഹൈക്കോടതിയില്‍ അടക്കം പണം തിരിച്ചടയ്ക്കാമെന്ന് അറിയിച്ചിട്ടുള്ളതാണ്. ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലും പണം തിരിച്ചടയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു,’ മല്യ ട്വീറ്റില്‍ പറയുന്നു

മൂന്നു ദശാബ്ദത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ബിവറേജസ് ഗ്രൂപ്പ് നടത്തി പൊതുഖജനാവിലേക്ക് ആയിരക്കണക്കിന് കോടിയാണ് സംഭാവന നല്‍കിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സും ഇപ്രകാരം ഖജനാവിലേക്ക് സംഭാവന നല്‍കിയ കമ്പനിയാണെന്നും മല്യ ഓര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.