1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2017

 

സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ വിട്ടുപോകില്ല, ഇന്ത്യയിലുള്ളത് വെറും സിവില്‍ കേസുകളെന്ന് വിവാദ വ്യവസായി വിജയ് മല്യ. ഇന്ത്യയിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികള്‍ തന്നെ ‘രാഷ്ട്രീയ ഫുട്‌ബോള്‍’ ആക്കി തട്ടിക്കളിക്കുകയാണെന്നും മല്യ റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നു താനാണ്. അവര്‍ക്കതു രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള വിഷയം മാത്രമാണ്.

വായ്പ തിരിച്ചടവു സംബന്ധിച്ച സിവില്‍ കേസ് മാത്രമാണ് ഇന്ത്യയിലുള്ളത്. അതിനെ നിയമപരമായി നേരിടാന്‍ തനിക്കു കഴിയും. ബ്രിട്ടനില്‍നിന്നു തന്നെ ‘നാടുകടത്താന്‍’ തക്കവണ്ണമുള്ള ഒരു കേസും ഇന്ത്യയില്‍ തനിക്കെതിരെയില്ല–മല്യ പറഞ്ഞു. ബ്രിട്ടനിലെ സില്‍വര്‍‌സ്റ്റോണില്‍ മല്യ സഹ ഉടമയായ ഫോര്‍മുല വണ്‍ കാര്‍ റേസിങ് ടീം ‘ഫോഴ്‌സ് ഇന്ത്യ’യുടെ കാര്‍ അനാവരണച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണു മല്യ അഭിമുഖം നല്‍കിയത്.

ഇന്ത്യയില്‍ 9000 കോടി രൂപയുടെ വായ്പക്കുടിശിക കേസിലെ പ്രതിയാണ് മല്യ. മല്യയെ ബ്രിട്ടനില്‍നിന്ന് ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. കുറ്റവാളികളെ വിട്ടുകിട്ടാനുള്ള അപേക്ഷകളില്‍ തുടര്‍നടപടി ത്വരിതപ്പെടുത്താനും നിയമവിഷയങ്ങളില്‍ പരസ്പരസഹകരണം ശക്തിപ്പെടുത്താനും കഴിഞ്ഞ ദിവസം ഇന്ത്യയും ബ്രിട്ടനും ധാരണയായിരുന്നു.

ഇന്ത്യ–യുകെ നിയമസഹകരണ കരാര്‍ (എംഎല്‍എടി) ഉപയോഗിച്ചു മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ മുംബൈ സ്‌പെഷല്‍ കോടതി കഴിഞ്ഞയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്‍കിയിരുന്നു. അതേസമയം മല്യയും ഫോര്‍മുല വണ്‍ താരങ്ങളായ സെര്‍ജിയോ പെരസും എസ്തബാന്‍ ഒക്കോനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ഫോര്‍മുല വണ്ണിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് വിവാദമായിട്ടുണ്ട്.

9000 കോടി രൂപ വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച് കഴിഞ്ഞ വര്‍ഷമാണ് മല്യ രാജ്യംവിട്ടത്. രാജ്യംവിടാന്‍ മല്യയെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോഴേയ്ക്കും മല്യ മുങ്ങി. ഇന്ത്യയില്‍ മല്യക്കെതിരേ നിരവധി അറസ്റ്റ് വാറന്റുകള്‍ നിലവിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.