1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2018

സ്വന്തം ലേഖകന്‍: വിജയ് മല്യയ്ക്ക് കുരുക്ക് മുറുകുന്നു; മല്യയ്‌ക്കെതിരെയുള്ള സിബിഐ തെളിവുകള്‍ യുകെ കോടതി സ്വീകരിച്ചു. കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വിജയ് മല്യയെ രാജ്യത്ത് തിരികെ എത്തിക്കുന്നതിന് ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്ക് ഇതോടെ നേരിയ പുരോഗതിയായി. മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സി.ബി.ഐ സമര്‍പ്പിച്ച തെളിവുകള്‍ യു.കെ കോടതി സ്വീകരിച്ചതോടെയാണിത്.

സിബിഐയുടെ നീക്കങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് ബ്രിട്ടീഷ് കോടതിയുടെ നടപടി. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജൂലൈ 11ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ 6,50,000 പൗണ്ടിന് മല്യയ്ക്ക് അനുവദിച്ച ജാമ്യം തുടരും. വിധിപ്രസ്താവം സംബന്ധിച്ച് അടുത്ത വിചാരണയില്‍ കോടതി തീരുമാനം പ്രഖ്യാപിച്ചേക്കും. വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നുമെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്.

അന്ന് മുതല്‍ ലണ്ടനില്‍ കഴിയുന്ന മല്യയെ രാജ്യത്ത് തിരിച്ചെത്തിച്ച് നിയമനടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. വിജയ് മല്യയും വജ്ര വ്യവസായികളായ നീരവ് മോഡിയും മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത് കേന്ദ്രസര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിന് രാജ്യം വിട്ട വമ്പന്‍ സ്രാവുകളെ തിരിച്ചെത്തിക്കാനുള്ള തീവ്രമായ നീക്കത്തിലാണ് കേന്ദ്രം. ഇതിനിടെ രാജ്യം വിടുന്ന വമ്പന്‍മാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഓര്‍ഡിനന്‍സും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.