1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2017

 

സ്വന്തം ലേഖകന്‍: അമ്മയെ ചേര്‍ത്തുപിടിച്ച് ക്യാമറക്കു പോസ് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍, ജീവിതത്തില്‍ അഭിനയിക്കാന്‍ പറയല്ലേയെന്ന് വിനായകന്‍, മലയാള സിനിമയിലെ ഒറ്റയാനായ നടന്റെ ജീവിതം. പോയ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും സാധാരണ മട്ടില്‍ നില്‍പ്പാണ് വിനായകന്‍. ഏതോ ചിത്രത്തിലെ ഒരു കഥാപാത്രത്തെപ്പോലെ. ഒരു അംഗീകാരം തന്നെ തേടിയെത്തിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരോടുള്ള ആദ്യ പ്രതികരണം.

പ്രേക്ഷകരുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.അവാര്‍ഡ് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി തന്റെ കരിയറില്‍ ഇന്ന് ആദ്യമായാണ് മധുരം വിളമ്പേണ്ടി വന്നതെന്നും ഈ അവാര്‍ഡ് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും തനിക്ക് ഇവിടെ നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ വിശ്വാസമില്ലാത്തോണ്ടാണ് ഇതെന്നും വിനായകന്‍ പ്രതികരിച്ചു.

സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും തനിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും നന്ദിയുണ്ട്.കമ്മട്ടിപ്പാടത്തിന്റെ നിര്‍മ്മാതാവായ രാജീവ് രവിക്കും പ്രേമിനും ഈ അവസരത്തില്‍ എല്ലവിധ നന്ദിയും രേഖപ്പെടുത്തുന്നുവെന്നും വിനായകന്‍ പ്രതികരിച്ചു. അമ്മയെ ചേര്‍ത്തു പിടിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജീവിതത്തില്‍ ഇത്തരത്തില്‍ അഭിനയിക്കാന്‍ അറിയില്ലെന്നായിരുന്നു വിനായകന്റെ മറുപടി. അഭിനയം മരണം വരെ തുടരും, അതാണ് തന്റെ ജീവിതമെന്നും വിനായകന്‍ പറഞ്ഞു.

സിനിമപോലെ തന്നെ സംഭവ ബഹുലമായ ജീവിതമാണ് വിനായകന്റേത്. ‘ബ്ലാക് മെ!ര്‍ക്കുറി’ എന്ന ഡാന്‍സ് ട്രൂപ്പില്‍ ഡാന്‍സറായാണ് തുടക്കം. ഫയ!ര്‍ഡാന്‍സറായി തമ്പി കണ്ണന്താനത്തിന്റെ ‘മാന്ത്രികം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. എ.കെ സാജന്‍ സംവിധാനം ചെയ്ത ‘സ്റ്റോപ്പ് വയലന്‍സ്’ എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതനാക്കിയത്.വ്യത്യസ്തമായ രൂപഭാവങ്ങളും സംസാരവുമായി മലയാളി സിനിമയിലെ ഒറ്റയാനായി മാറാന്‍ വിനായകന് 40 ഓളം ചിത്രങ്ങള്‍ മതിയായിരുന്നു.

ഇവര്‍, ചതിക്കാത്ത ചന്തു എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഛോട്ടാ മുംെബെയിലെ അഭിനയത്തിലൂടെ വിനായകന്‍ പ്രേക്ഷകരെ ഞെട്ടിച്ചു. ബാച്ച്‌ലര്‍ പാര്‍ട്ടി, ധനുഷിന്റെ മാരിയന്‍, ബെസ്റ്റ് ആക്ടര്‍, സാഗര്‍ എലിയാസ് ജാക്കി, ഇയോബിന്റെ പുസ്തകം, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങളിലും മലയാളികള്‍ വിനായകന്റെ പ്രതിഭ കണ്ടു.

മലയാളത്തിലും തമിഴിലുമായി നിരവധി വേഷങ്ങള്‍ ഈ നടന്‍ മികച്ചതാക്കിയെങ്കിലും കമ്മട്ടിപ്പാടത്തിലെ ഗംഗയാണ് വിനായകന്റെ പ്രതിഭ മുഴുവനായും ഉപയോഗപ്പെടുത്തിയത്. ഭൂമിയിടേയും ശരീരത്തിന്റെ നിറത്തിന്റേയും രാഷ്ട്രീയം സംസാരിച്ച കമ്മട്ടിപ്പാടം വിനായകന്റെ ഉടലാണ് കഥ പറയാന്‍ ആയുധമാക്കിയത്. നായകനായെത്തിയ ദുല്‍ക്കര്‍ സല്‍മാനെ പിന്തള്ളി മികച്ച പ്രകടനവുമായി ഗംഗ കളം നിറഞ്ഞപ്പോള്‍ മലയാള സിനിമയില്‍ ഒരു കള്‍ട്ട് നടന്‍ ജനിക്കുകയായിരുന്നു.

ഗംഗയെ നിരുപകരും പ്രേക്ഷകരും ഒരുപാട് വാഴ്ത്തിയെങ്കിലും വിനായകനെ ഇതുവരെ ഒരു ചലച്ചിത്ര പുരസ്‌കാരത്തിനും പരിഗണിക്കാത്തത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

മോഹന്‍ലാലിനേയും ഫഹദ് ഫാസിലിനേയും പിന്തള്ളിയാണ് വിനായകന്‍ മികച്ച നടനായത്. കമ്മട്ടിപ്പാടത്തിലെ ഗംഗായായി സ്വാഭാവിക അഭിനയം കാഴ്ചവെച്ച വിനായകന്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയരുന്നു. അവസാന നിമിഷം വരെ മോഹന്‍ലാലാണ് മികച്ച നടനെന്ന വിധത്തില്‍ ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ പിന്തുണച്ചത് വിനായകനെയായിരുന്നു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.