1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2012

കേരളം രണ്ട് മാസത്തിലേറെയായി ചര്‍ച്ച ചെയ്ത നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ വാര്‍ത്തകളില്‍ നിന്നും അപ്രത്യക്ഷമാക്കുകയായിരുന്നു വി എസ് തന്റെ അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനത്തിലൂടെ. നെയ്യാറ്റിന്‍കരയിലെ ചൂടുപിടിച്ച ത്രികോണമത്സരവും വോട്ടെടുപ്പും പോളിംഗുമെല്ലാം വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനത്തോടെ വാര്‍ത്തകളില്‍ നിന്നും അപ്രത്യക്ഷമായി. രാവിലെ തന്നെ വി എസ് ഒഞ്ചിയത്തേയ്ക്ക് തിരിക്കുമെന്ന അറിയിപ്പുണ്ടായതോടെ മാധ്യമങ്ങളെല്ലാം അവിടേയ്ക്ക് കുതിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് വടകരയിലേക്കുള്ള വി എസിന്റെ യാത്ര അപ്പാടെ വാര്‍ത്തയായി. ഒഞ്ചിയത്ത് വി എസ് എത്തുമ്പോഴേയ്ക്കും ജനസമുദ്രം തന്നെ രൂപപ്പെട്ടു. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി ഭാര്യയും മകനെയും അമ്മയെയും കണ്ട് ആശ്വസിപ്പിച്ച് പ്രതികരണങ്ങളൊന്നും നടത്താതെ ഉച്ചയോടെ വി എസ് മടങ്ങുകയായിരുന്നു. വികാരനിര്‍ഭരമായ ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് ചാനലുകള്‍ പിന്നീട് പ്രധാന വാര്‍ത്തയാക്കിയത്.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ഇരുപത് ശതമാനം കടക്കുന്നതിന് മുമ്പ് തന്നെ വി എസിന്റെ ഒഞ്ചിയം യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ വാര്‍ത്തയായി. പിന്നീട് വി എസിന്റെ നീക്കങ്ങളോരോന്നും വന്‍ പ്രാധാന്യം നേടുകയായിരുന്നു. ഇതോടെ ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറിക്കപ്പെട്ടു. തന്റെ ഒഞ്ചിയം യാത്ര നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പിനെ പോലും ബാധിക്കാന്‍ സാധ്യതയുണ്ടായിട്ടും വി എസ് പിന്‍മാറാതെ അവിടേയ്ക്ക് പോയത് പാര്‍ട്ടി നേതാക്കളിലും അണികളിലും കടുത്ത അമ്പരപ്പ് തന്നെയാണുണ്ടാക്കിയത്. ഉപതെരഞ്ഞെടുപ്പിനെ വി എസിന്റെ ഒഞ്ചിയം യാത്ര ഒട്ടും തന്നെ ബാധിക്കില്ലെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രന്റെ പ്രതികരണം ഇടയ്ക്ക് ചില ചാനലുകളില്‍ വന്നെങ്കിലും സി പി എം ഭയപ്പെട്ടതുപോലെ തന്നെ കൃത്യസമയത്ത് വി എസ് കോലിട്ടിളക്കി.

വെള്ളിയാഴ്ച വയനാട്ടില്‍ നടന്ന കുറിച്യ കലാപത്തിന്റെ വാര്‍ഷികാചരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം തന്നെ വി എസ് അച്യുതാനന്ദന്‍ കോഴിക്കോട്ടെത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ തന്നെ എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി വി എസ് വാര്‍ത്ത സൃഷ്ടിച്ചു. വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് പോകുന്നതിന് മുമ്പ് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനെയും പൊലീസ് അന്വേഷണത്തെക്കുറിച്ചുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ വിമര്‍ശനങ്ങള്‍ക്കുള്ള പ്രതികരണവും വി എസ് നടത്തിയിരുന്നു.

ശനിയാഴ്ച സി പി എമ്മിന്റെ പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള സംസ്ഥാനത്തെ ആദ്യത്തെ മേഖലാ റിപ്പോര്‍ട്ടിംഗ് കോഴിക്കോട്ട് നടക്കുകയായിരുന്നു. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് ആര്‍ രാമചന്ദ്രന്‍ പിള്ളയും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മറ്റ് നേതാക്കളും കോഴിക്കോട്ട് തന്നെ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ തന്നെ എസ് ആര്‍ രാമചന്ദ്രന്‍ പിള്ള കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് സംസാരിച്ചിരുന്നു. പിണറായി വിജയനും ഇതിന് മുമ്പ് രണ്ട് മിനിറ്റ് നേരം വി എസിനെ മുറിയിലെത്തി കണ്ടിരുന്നു. പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വി എസ് ഒഞ്ചിയത്തേക്ക് പോയത്. ആയിരങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ ചന്ദ്രശേഖരന്റെ വീട്ടിലെത്തി ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തിറങ്ങിയ വി എസ് ചന്ദ്രശേഖരന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ടി പിയുടെ പണിതീരാത്ത വിട്ടിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് വി എസ് മടങ്ങിയത്.

ടി പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതിന്റെ പിറ്റേന്ന് മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പാലക്കാട്ടായിരുന്ന വി എസ് എല്ലാ പരിപാടികളും മാറ്റിവെച്ച് അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത് സി പി എമ്മിനെ ഞെട്ടിച്ചിരുന്നു. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്ന വിവാദപരാമര്‍ശവും അന്ന് വി എസ് നടത്തി. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള കേരളത്തിലെ ആദ്യത്തെ മേഖലാ റിപ്പോര്‍ട്ടിംഗും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും നടക്കുന്ന ദിവസം തന്നെ ഒഞ്ചിയം സന്ദര്‍ശനത്തിന് വി എസ് മുതിര്‍ന്നത് സി പി എം നേതൃത്വത്തെയും അണികളെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.