1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2016

ഷിനു മാണി.

അനുഗ്രഹമാരിയും നയനമനോഹരമായ വര്‍ണ്ണ കാഴ്ചകളും ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ കന്യകാമറിയത്തോടുള്ള അനേകായിരങ്ങളുടെ ഭക്തിയും സ്‌നേഹവും അണപൊട്ടിയൊഴുകിയ വികാരഭരിതമായ നിമിഷങ്ങളും സമ്മാനിച്ച് പത്താമത് സീറോ മലബാര്‍ വാല്‍ഷിഹാം തിരുനാള്‍ സമാപിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ പതിനേഴാം തീയതി) ഇംഗ്ലണ്ടിന്റെ നാനാ ഭാഗ ങ്ങളില്‍ നിന്നും, സ്‌കോട് ലാന്‍ഡ് ,അയര്‍ലന്‍ഡ് എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലെ മറ്റു വിവിധ ഭാഗങ്ങളില്‍ നിന്നും ഏതാണ്ട് നാലായിരത്തോളം വരുന്ന മരിയഭക്തരായ സീറോ മലബാര്‍ വിശ്വാസികളാണ് ഇന്ഗ്ലണ്ടിലെ അതിമനോഹര ഗ്രാമപ്രദേശമായ വാല്‍ഷിഹാമിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്.

വിളിച്ചപേക്ഷിക്കുന്നവരുടെ വേദനകളെ ദൂരികരിച്ച്,ആശ്വാസവും അനുഗ്രഹവും ശക്തമായ മധ്യസ്ഥത്തിലൂടെ പകരുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെ പ്രത്യക്ഷപ്പെടലിലൂടെ പുണ്യപൂരിതമായ കൊച്ചുഗ്രാമമാണ് കടലിനോട് ഓരം ചേര്‍ന്നു കിടക്കുന്ന വാല്‍ഷിഹാം.

ഈ സന്നിധിയില്‍ എത്തി ആശ്വാസവും അനുഗ്രഹവും നേടി നൂറുകണക്കിനാളുകളാണ് ദിവസേന മടങ്ങുന്നത്.ഉറ്റവരെയും ഉടയവരെയും പിരിഞ്ഞു പ്രവാസ ജീവിതത്തിന്റെ നെരിപ്പോടുകള്‍ പകര്‍ന്ന വേദനയില്‍ ഉഴറിയ നാളുകളില്‍ ഇന്നാട്ടിലെ മലയാളികളായ മരിയ ഭക്തര്‍ മറുനാട്ടിലെ ഉറവ വറ്റാത്ത മാതൃസ്‌നേഹമായി അനുഭവിച്ചറിഞ്ഞ അമ്മയാണ് വാല്‍ഷിഹാം മാതാവ്.ആ ഉറച്ച ബോധ്യത്തില്‍ നിന്നാണ് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീറോ മലബാര്‍ വാല്‍ഷിഹാം തീര്‍ത്ഥാടനം ആരംഭിച്ചത്. ഒരു എളിയ തുടക്കമായി ആരംഭിച്ച ഈ പുണ്യ സംഗമം ഇന്ന് ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും എല്ലാത്തരത്തിലും യൂറോപ്പിലെ എണ്ണം പറഞ്ഞ മരിയന്‍ തീര്‍ത്ഥാടനങ്ങളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നു.

ഈസ്റ്റ് അന്ഗ്ലിയന്‍ സീറോ മലബാര്‍ തീര്‍ഥാടന പെരുന്നാളിന്റ്‌റെ പത്താം വാര്‍ഷികം എന്നതിനോടൊപ്പം യു കെ യിലെ രണ്ടാമത്തെ മൈനര്‍ ബസലിക്ക എന്ന പദവിയിലേക്ക് വല്‍ഷിങ്ങാം ആശ്രമ ചാപ്പലിനെ പോപ്പ് ഫ്രാന്‍സിസ് ഉയര്‍ത്തിയതിനു ശേഷം നടക്കുന്ന ആദ്യ തിരുനാള്‍ എന്ന നിലയിലും ഇക്കുറി സീറോ മലബാര്‍ തീര്‍ത്ഥാടനം ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടി.

 

 

യുകെയിലെക്കുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വരവ് ഏതാണ്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചെങ്കിലും പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വല്‍ഷിങ്ങാമിലേക്ക് മുടങ്ങാതെ എല്ലാവര്‍ഷവും തീര്‍ഥാടനം തുടങ്ങി വച്ചത് ഫാ മാത്യു വണ്ടാലക്കുന്നേല്‍ നേത്രുത്വം നല്കിയ ഈസ്റ്റ് ആന്‍ഗ്ലിയയിലെ കത്തോലിക്കാ സമൂഹം ആയിരുന്നു.ഇന്നിപ്പോള്‍ ഇന്ഗ്ലാണ്ടിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളി ക്രിസ്തീയ സമൂഹങ്ങള്‍ ഈ പുണ്യസ്ഥലത്തേക്ക് മുടങ്ങാതെ ഒഴുകിയെത്തുന്നു.വിശ്വാസം തുടിക്കുന്ന ഹൃദയങ്ങളും പ്രാര്‍ഥനകള്‍ നിറഞ്ഞ അധരങ്ങളുമായി പരിശുദ്ധ അമ്മയുടെ അരികിലെത്തി രോഗ സൌഖ്യങ്ങളും മനശാന്തിയും മറ്റനവധി അനുഗ്രഹങ്ങളും നേടി മടങ്ങിയ നാനാ ജാതി മതസ്ഥരായ ആളുകളുടെ എണ്ണം നിത്യേനെ ഈ പുണ്യാശ്രമത്തില്‍ കൂടി വരികയാണ്.

ഇന്ഗ്ലണ്ടിലെ സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ കീഴിലുള്ള വിവിധ കത്തോലിക്കാ സമൂഹങ്ങളാണ് ഓരോ വര്‍ഷവും വാല്‍ഷിഹാം തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്.കിഴക്കന്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമായ നോര്‍വിച്ച് കാത്തലിക് കമ്മ്യൂണിറ്റി യാണ് ഇക്കുറി വാല്‍ഷിഹാം തിരുനാളിനു നേതൃത്വം വഹിച്ചത്.പ്രെത്യേക അതിഥിയായി എത്തിയ ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് തിരുക്കര്‍മ്മങ്ങള്‍ നയിച്ചത്.

 

തിരുനാളില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങളെയും ആനന്ദത്തിലാറാടിച്ച ആഘോഷ രീതിയിലുള്ള പുതുമകളും മികച്ച ക്രമീകരണ മികവും കൊണ്ട് തിരുനാള്‍ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത പുത്തനൊരനുഭവമാണ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നോര്‍വിച്ച് കാത്തലിക് കമ്മ്യൂണിറ്റി പകര്‍ന്നു നല്‍കിയത്.കന്യകാമറിയത്തിന്റെ ഏറ്റവും പ്രസിദ്ധമായ നീലയും വെള്ളയും കൂടിക്കലര്‍ന്ന അങ്കിയെ ഓര്‍മ്മപ്പെടുത്തും വിധം വസ്ത്രധാരണം ചെയ്‌തെത്തിയ
നോര്‍വിച്ചിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും തിരുനാള്‍ മാറ്റിന് ഏഴഴകേകി. മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ നിഷ്പ്രഭം ആകും വിധം നീല സാരികളണിഞ്ഞ വനിതകളും വെള്ളയില്‍ നീലപ്പൂക്കള്‍ പതിപ്പിച്ച ഉടുപ്പുകളിഞ്ഞ കുട്ടികളും മലയാളിയുടെ ഇഷ്ട്ട വസ്ത്രമായ വെള്ള മുണ്ടും വെള്ളയുടുപ്പും അണിഞ്ഞ പുരുഷന്മാരും പെരുന്നാള്‍ വേദിയിലാകെ നോര്‍വിച്ചിലെ ഒരുമയെ വിളിച്ചറിയിച്ചു കൊണ്ട് തിരുനാളാഘോഷത്തിനു നേതൃത്വം നല്‍കി.നാല്‍പതോളം വോളണ്ടീയര്‍മാര്‍ ,സദാ സമയവും സുസജ്ജമായ മെഡിക്കല്‍ സംഘം ,കൃത്യതയാര്‍ന്ന ട്രാഫിക് നിയന്ത്രണം എന്നിവയെല്ലാം ഇത്തവണത്തെ വാല്‍ഷിഷിഹാം തിരുനാളിനെത്തിയവരുടെ നിറഞ്ഞ പ്രശംസ പിടിച്ചു പറ്റി.

രാവിലെ കൃത്യം ഒന്‍പതു മണിക്ക് തന്നെ ഏറ്റവും വലിയ മരിയ മധ്യസ്ഥ പ്രാര്‍ത്ഥനയായ ജപമാല സമര്‍പ്പണം സ്ലിപ്പര്‍ ചാപ്പലില്‍ ആരംഭിച്ചു.ഏതാണ്ട് പത്തു മണിയോടെ സ്ലിപ്പര്‍ ചാപ്പലും പുറവും തീര്‍ത്ഥാടകരെ കൊണ്ട് തിങ്ങി നിറഞ്ഞു കഴിഞ്ഞിരുന്നു.പിന്നീട് ന

ടന്ന അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ യു കെ യിലെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന പ്രശസ്ത ദൈവ വചന പ്രഘോഷകനായ ഫാ.സോജി ഓലിക്കല്‍ നയിച്ച പ്രേത്യേക മരിയന്‍ ധ്യാന പ്രഭാഷണം ഏവരെയും കന്യകാ മാതാവിനോടുള്ള ഭക്തിയുടെ ആഴങ്ങളിലേക്ക് നയിച്ചു.

ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ഉച്ച ഭക്ഷണത്തിനായി വിശ്വാസികള്‍ പിരിഞ്ഞു.മിതമായ വിലയില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ ഒരുക്കി സദാ സമയവും പ്രവര്‍ത്തിച്ചിരുന്ന മൂന്നു സ്റ്റാളുകള്‍ ഇക്കുറി വാല്‍ഷിങ്ങ്ഹാം പെരുന്നാളിന്റെ മറ്റൊരു പ്രേത്യേകത ആയിരുന്നു.

തുടര്‍ന്നു പരിശുദ്ധ കന്യകാ മറിയത്തിനു തങ്ങളുടെ ജീവിതങ്ങളെ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്ന അടിമ വക്കല്‍ ശുശ്രൂഷക്ക് അനേകര്‍ പ്രായ ഭേദമന്യേ ഭക്തി പുരസ്സരം അണി നിരന്നു.ഒന്‍പതോളം വൈദികര്‍ അടിമ വക്കല്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കി.

ഉച്ച തിരിഞ്ഞു കൃത്യം ഒന്നരയോടെ തിരുനാളിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന പ്രദക്ഷിണം നടന്നു.കൈകളില്‍ ജപമാലയും ഏന്തി അധരങ്ങളില്‍ ആവേ മരിയ ഗീതങ്ങളും പാടി നാലായിരത്തോളം വരുന്ന വിശ്വാസികള്‍ പ്രദക്ഷിണമായി നീങ്ങിയത് ഏവരുടെയും മിഴികള്‍ക്കും മനങ്ങള്‍ക്കും അവാച്യമായ അനുഭൂതി പകര്‍ന്നു നല്‍കി. വാല്‍ഷിഹാം മാതാവിന്റെ അനുഗ്രഹങ്ങള്‍ കിട്ടിയവരും സാന്ത്വനം ആഗ്രഹിക്കുന്നവരും ആയ നിരവധി വിശ്വാസികള്‍ ഭക്തിയും സ്‌നേഹവും കൂടിക്കലര്‍ന്ന വികാരം നിയന്ത്രിക്കാനാവാതെ ഈറനണിഞ്ഞ മിഴികള്‍ തുടച്ചു കൊണ്ട് പ്രദക്ഷിണത്തില്‍ ലയിച്ചു നീങ്ങി.

ചിട്ടയായ താളത്തോടെ മുന്‍പില്‍ നീങ്ങിയ സ്വിണ്ടന്‍ ചെണ്ടമേള വദ്വാന്‍മാരുടെ തൊട്ടു പിന്നിലായി പൊന്നിന്‍ കുരിശേന്തിയ പീറ്റര്‍ബറോ കാത്തലിക് കമ്മ്യൂണിറ്റി നീങ്ങി. പിന്നാലെ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന നിരവധി സമൂഹങ്ങള്‍ തങ്ങളുടെ കൊടിയുടെ കീഴില്‍ ചിട്ടയോടെ പ്രദക്ഷിണ ചുവടുകള്‍ വച്ചു നീങ്ങി.ഏറ്റവും പിന്നിലായി വൈദിക ശ്രേഷ്ടന്മാരും അരുളിക്കയേന്തിയ അഭിവന്ദ്യ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ഭക്ത ജനങ്ങളെ അനുഗമിച്ചു.വളരെ കൃത്യമായ ആസൂത്രണ മികവ് പ്രദക്ഷിണ വീതിയിലാകെ എടുത്തു പ്രകടമായിരുന്നു.

പ്രദക്ഷിണശേഷം അര്‍പ്പിക്കപ്പെട്ട ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് അഭിവന്ദ്യ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഈസ്‌റ് ആംഗ്ലിയ രൂപത കാനോനിക 

പദവിയിലേക്ക് ഉയര്‍ത്തിയ ഫാ.മാത്യു വണ്ടാലക്കുന്നേല്‍,സീറോ മലബാര്‍ സഭയുടെ ഈസ്‌റ് ആംഗ്ലിയയിലെ ചാപ്ലിനും തിരുനാളിന്റെ ആത്മീയ നേതൃത്വം വഹിക്കുകയും ചെയ്ത ഫാ ടെറിന്‍ മുല്ലക്കര എന്നിവര്‍ക്കൊപ്പം യു കെ യുടെയും യൂറോപ്പിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അനേകം വൈദികരും പങ്കു ചേര്‍ന്നു.

പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായ നിലനില്‍പ്പിന്റെ ദാനം ദൈവത്തോട് വിനയം നിറഞ്ഞ മനസ്സോടെ യാചിക്കുവാന്‍ തിരുനാള്‍ സന്ദേശം നല്‍കിയ അഭിവന്ദ്യ ഭരണികുളങ്ങര പിതാവ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.മംഗള വാര്‍ത്ത ശ്രവിച്ച നിമിഷം മുതല്‍ കാല്‍വരി വരെ തന്റെ മകനായ യേശുവിനെ ഒരു മുടക്കവും വരാതെ പിന്തുടര്‍ന്നു ശ്രദ്ധിച്ചു പരിപാലിച്ച കന്യകാമറിയാതെ പോലെ തങ്ങളുടെ മക്കളെ ആധുനിക ലോകത്തിന്റെ കാലുഷ്യങ്ങള്‍ കാര്‍ന്നു തിന്നാതെ ശ്രദ്ധയോടെ നോക്കി പരിപാലിക്കുവാനുള്ള വലിയ കടമ ഓരോ അമ്മമാര്‍ക്കും ഉണ്ട് എന്നു പിതാവ് ഊന്നി പറഞ്ഞു.ഓരോ ക്രിസ്ത്യാനിയുടെയും കുല ദൈവം സ്വര്‍ഗ്ഗസ്ഥനായ പിതാവ് മാത്രമാണ്. കുടുംബ പ്രാര്‍ത്ഥന മുടക്കുന്ന ഭവനങ്ങളില്‍ ഈ സ്വര്‍ഗീയ പിതാവിന്റെ ചൈതന്യം നശിച്ചു പോകുമെന്നും പകരം മദ്യപാനം,ലഹരി ,മറ്റു തിന്മകള്‍ എന്നിവ കുടിയേറുകയും അത് പിന്നീട് വന്‍ നാശത്തിലേക്കു നയിക്കുകയും ചെയ്യും എന്നും സന്ദേശ മധ്യേ ബിഷപ് മുന്നറിയിപ്പ് നല്‍കി.

ദിവ്യ ബലിക്ക് ശേഷം ഈ വര്‍ഷത്തെ തിരുന്നാള്‍ നടത്തിപ്പുകാരായ നേര്‍വിച്ച് കാത്തലിക് കമ്മ്യൂണിറ്റിയെ ആശീര്‍വദിച്ച മുഖ്യ കാര്‍മ്മികന്‍ അടുത്ത വര്‍ഷത്തെ പ്രസുദേന്തി കളായ സട്ബറി കാത്തലിക് കമ്മ്യൂണിറ്റിക്ക് വെഞ്ചരിച്ച തിരി നല്‍കി അനുഗ്രഹിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തീര്‍ത്ഥാടനത്തിനെത്തിയവരുടെ എണ്ണത്തിലും നല്ല വര്‍ദ്ധനവ് ഉണ്ടായത് ഓരോ വര്‍ഷവും ഈ പുണ്യ സംഗമത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രചാരത്തിന്റ്‌റെയും വളര്‍ച്ചയുടെയും നേര്‍ ചിത്രമാണ് വെളിവാക്കുന്നത്.ഇത്തവണ ഇരുപത്തി അഞ്ചോളം ബസുകളിലും ആയിരത്തിലധികം കാറുകളിലും ആയാണ് വിശ്വാസികള്‍ എത്തിയത്.യൂറോപ്പിലെ വിശ്വാസ വളര്‍ച്ചയില്‍ മലയാളികള്‍ വഹിക്കുന്ന പങ്ക് ഈ നാളുകളില്‍ വളരെ സുപ്രധാനമായ നിലയിലേക്ക് മുന്നേറുകയാണ് എന്ന വസ്തുതയും ഇത്തരം ജന പങ്കാളിത്തം കൊണ്ട് സഭാധികാരികളും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.വളരെയധികം ദൂരെ നിന്നും പല വിധ കഷ്ടതകള്‍ സഹിച്ചും കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നെടും തൂണായ പരിശുദ്ധ കന്യകാ മറിയത്തോടുള്ള സ്‌നേഹവും ഭക്തിയും വെളിവാക്കാന്‍ വാല്‍ഷിങ്ങാമിലേക്കെത്തുകയും തീര്‍ത്ഥാടനം വന്‍ വിജയമാക്കി മാറ്റുവാന്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത എല്ലാ വിശ്വാസികളോടുമുള്ള അതിയായ കൃതജ്ഞത തിരുനാള്‍ നടത്തിപ്പുകാരായ നോര്‍വിച്ച് കാത്തലിക് കമ്മ്യൂണിറ്റി പ്രകടിപ്പിച്ചു.

ഏതാണ്ട് അഞ്ചരയോടെ തിരുനാള്‍ വേദിയില്‍ നിന്നും ശാന്തമായ ഹൃദയങ്ങളും സന്തോഷം നിറഞ്ഞ മനസ്സുകളും ആയി പിരിഞ്ഞു തുടങ്ങിയ വിശ്വാസികളുടെ അധരങ്ങളിലും മനസ്സിലും നിറഞ്ഞു നിന്നതു ഒരേ ഒരു വചനം മാത്രമായിരുന്നു…’ നന്‍മ്മ നിറഞ്ഞ മറിയമേ നിനക്കു സ്വസ്തി…ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്‍ നീ മാത്രം…നിന്നെ അമ്മയായി കിട്ടിയ ഞങ്ങള്‍ ഏറെ ഭാഗ്യം ചെയ്തവര്‍…’

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.