1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2017

സ്വന്തം ലേഖകന്‍: താര സംഘടനയായ അമ്മയില്‍ അമ്പത് ശതമാനം സംവരണം ആവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയതായി ഡബ്ല്യുസിസി അംഗം രമ്യ നമ്പീശന്‍ അറിയിച്ചു. ഇക്കാര്യം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും രമ്യ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണ് തങ്ങളെന്ന നിലപാട് ആവര്‍ത്തിച്ച് കഴിഞ്ഞ ദിവസം വനിത കൂട്ടായ്മ രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യത്തില്‍ വിട്ട സാഹചര്യത്തിലാണ് വനിത കൂട്ടായ്മ നിലപാട് ആവര്‍ത്തിച്ചത്.

നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു. ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ എന്നും കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.

നടിക്കെതിരെ വീണ്ടും പ്രചരണം നടക്കുന്നത് ഭയം സൃഷ്ടിക്കുന്നു. ഡബ്ല്യുസിസി അവസാനംവരെ അവള്‍ക്കൊപ്പമായിരിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണെന്ന് വ്യക്തമാക്കിയ വനിതാ കൂട്ടായ്മ നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പമാണെന്നും നേരത്തെ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.