1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2018

സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ അപമാനിക്കപ്പെട്ടിരിക്കുന്നു, മുറിവേല്‍ക്കപ്പെട്ടിരിക്കുന്നു,’ താരസംഘടനയായ അമ്മയുടെ നിലപാടുകളെ കടന്നാക്രമിച്ച് ഡബ്ല്യുസിസി പത്രസമ്മേളനം; വേദിയില്‍ മീ ടൂ ആരോപണവുമായി നടിയും രംഗത്ത്; പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ സെറ്റില്‍ ലൈഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തല്‍; വീഡിയോ കാണാം. ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ നല്‍കിയില്ല. സംഭവം നടന്നിട്ട് 15 ദിവസമായിട്ടും ആരും കൂടെ നിന്നില്ല. വളരെയധികം അപമാനം നേരിട്ടുവെന്നും ഡബ്ല്യുസിസി പറഞ്ഞു.

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വെറും നടിമാര്‍ എന്നുവിളിച്ച് അധിക്ഷേപിച്ചെന്ന് രേവതി പറഞ്ഞു. നടിക്കേറ്റ അപമാനത്തെ മോഹന്‍ലാല്‍ നിസ്സാരവത്കരിച്ചു. ഇതേ വിവേചനമാണ് മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്നത്. ഇനിയും നിശബ്ദരായിരുന്നിട്ട് കാര്യമില്ല. പ്രതിഷേധം അമ്മയോടല്ലെന്നും നീതികേടിനെതിരെയാണെന്നും രേവതി പറഞ്ഞു. ഒരു പെണ്‍കുട്ടി അര്‍ദ്ധ രാത്രിയില്‍ രക്ഷതേടി തന്നെ സമീപിച്ചെന്ന് രേവതി പറഞ്ഞു. ഇനി ഇത്തരം അവസ്ഥ ആര്‍ക്കും ഉണ്ടാവരുത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനും സംവിധാനം വേണമെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് നടിമാര്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

ആക്രമിക്കപ്പെട്ട നടിയെ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് അപമാനിച്ചെന്ന് പാര്‍വതി പറഞ്ഞു. ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന ബാബുരാജിന്റെ പരമാര്‍ശം വളരെ ഹീനമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും ഇനിയും എല്ലാം കേട്ട് കണ്ണടച്ചിരിക്കില്ലെന്നും പാര്‍വതി പറഞ്ഞു.നേരത്തെ സംഘടനയില്‍ നിന്ന് പുറത്ത് പോകുന്നതിന് രാജിക്കത്ത് തയ്യാറാക്കിയിരുന്നു.

അമ്മയുടെ നാടകങ്ങള്‍ക്ക് നിന്ന് കൊടുക്കാന്‍ ഇനി തങ്ങളെ കിട്ടില്ലെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു. ലൈംഗിക കുറ്റവാളിയെ അമ്മ സംരക്ഷിക്കരുതെന്ന് ബീനപോള്‍ പറഞ്ഞു. അമ്മയുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണമാണു രാജി വച്ചതെന്നു രമ്യ നമ്പീശന്‍ പറഞ്ഞു. അമ്മയില്‍ നിയമങ്ങള്‍ അവര്‍ എഴുതും. പലതും അവര്‍ ഒഴിവാക്കും. അംഗങ്ങളെ പോലും പറ്റിക്കുകയാണ്. പച്ചയായിട്ടു പറഞ്ഞാല്‍ നാടകങ്ങളാണു നടക്കുന്നത്. ഇനി അങ്ങനെയൊരു സ്ഥലം വേണ്ടെന്നും രമ്യ പറഞ്ഞു.

സംഭവത്തിനുശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുശേഷം ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കും എന്ന് അറിയിച്ചിരുന്നു. പ്രതിയായ നടനെ സംരക്ഷിക്കുന്നതിനുള്ള ഉദ്ദേശ്യമെന്താണ്? ഇരയെ സംരക്ഷിക്കാന്‍ സംഘടന ശ്രമിച്ചിട്ടില്ല. പ്രതി രാജിവച്ചിട്ടില്ല, പുറത്താക്കിയിട്ടില്ല, സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അമ്മ നേതൃത്വം ഞങ്ങളോടു കള്ളം പറഞ്ഞു. എന്താണ് അമ്മയുടെ ഉദ്ദേശമെന്ന് പത്മപ്രിയ ചോദിച്ചു.

പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയില്‍ നിന്ന് പുറത്തും പീഡിപ്പിച്ചയാള്‍ സംഘടനയില്‍ തുടരുന്നതും വിവേചനമാണെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ അറിയിച്ചു. ആരോപണ വിധേയനെ സംഘടന സംരക്ഷിക്കുന്നത് എന്തിനെന്നും ഡബ്ല്യുസിസി ചോദിച്ചു. അമ്മയുമായുള്ള ചാര്‍ച്ചയില്‍ ഏറെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്നു. സംസാരിക്കാനുള്ള സാവകാശം പോലും നല്‍കിയില്ല. ആക്രമിക്കപ്പെട്ട നടിയെ ചര്‍ച്ചയില്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. നടിയുടെ ശബ്ദസന്ദേശം കേള്‍പ്പിച്ച ശേഷമാണ് സംസാരിക്കാനായത്. സ്ത്രീകള്‍ക്ക് ജോലി ചെയ്യനുള്ള അവസരം അമ്മ നിഷേധിക്കുകയാണെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു. അമ്മയ്‌ക്കെതിരെയല്ല അമ്മ ഭാരവാഹികള്‍ കാണിക്കുന്ന നീതി നിഷേധത്തിന് എതിരെയാണ് പ്രതിഷേധമെന്നും ഡബ്ല്യുസിസി പറഞ്ഞു.

യുവനടിക്കെതിരെ അതിക്രമം നടന്നപ്പോള്‍ വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്നു സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇടയായത്. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് (മീ ടു) നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നതു വിശ്വസിക്കുന്നു. എന്നാല്‍, കേരളത്തില്‍ കുറച്ചുകൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

അതേസമയം, വാര്‍ത്താ സമ്മേളനത്തില്‍ മീ ടൂ വെളിപ്പെടുത്തലുമായി അഭിനേത്രിയും രംഗത്തുവന്നു. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തി ല്‍ വെച്ച് ലൈഗികാതിക്രമം നേരിടേണ്ടി വന്നു. ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സാങ്കേതിക പ്രവര്‍ത്തകനായി ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെയാണ് നടി അര്‍ച്ചന പത്മിനി പരാതി നല്‍കിയത്. തനിക്ക് ഇപ്പോള്‍ ജോലിയില്ലെന്നും എന്നാല്‍, ഷെറിന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണെന്നും അര്‍ച്ചന പറഞ്ഞു.

മീ ടൂവില്‍ എന്താണു നടക്കുന്നതെന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വലിയ വെളിപ്പെടുത്തലും അതിനെതിരെ നടപടികളും ഉണ്ടാകുകയാണ്. ഫെഫ്കയുടെ ചെയര്‍മാന്‍ ബി.ഉണ്ണികൃഷ്ണന്‍, നടിയെ ആക്രമിച്ച കേസിലെ പ്രതിയെ വച്ച് സിനിമ പ്രഖ്യാപിച്ചു. ഒരു നാട് മുഴുവന്‍ നടിയുടെ കൂടെ നിന്നിട്ട് അമ്മയുടെ പ്രസിഡന്റ് നമുക്ക് നോക്കാം എന്നാണു പറഞ്ഞതെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.

അമ്മയില്‍ നിന്ന് ന്യായമായ സമീപനം ഉണ്ടവുമെന്ന് പ്രതീക്ഷിച്ചു. ചലച്ചിത്ര മേഖലയില്‍ ഇനിയും കൂടുതല്‍ പിന്തുണ കിട്ടേണ്ടതുണ്ട്. പ്രതിസന്ധി നേരിടുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ സംഘടനയ്ക്കായില്ല. ഇത്രയും നാള്‍ സംഘടനയെ വിശ്വസിക്കുകയായിരുന്നു. ഇനിയെങ്കിലും പ്രതിഷേധിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നുവെന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദിലീപിന്റെ സംഘടനയിലുള്ള പ്രാതിനിധ്യം എന്താണെന്ന് വ്യക്തമാക്കണമെന്നും സംഘടനാ ഭാരവാഹികള്‍ നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യൂസിസി പറഞ്ഞു. പരാതി ലഭിച്ചിട്ടും ഒരു നടപടിയും സംഘചനാ നേതൃത്വം സ്വീകരിച്ചില്ല. അമ്മയിലെ ചര്‍ച്ചകള്‍ നടന്നത് ഇരയായ നടിക്കെതിരെയാണെന്നും ഡബ്ല്യുസിസി പറഞ്ഞു. കൂടാതെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അപമാനിച്ചു. മാധ്യമങ്ങളോട് ഒന്നും പറയരുതെന്നും ആവശ്യപ്പെട്ടു. മാത്രമല്ല ചര്‍ച്ച പുരോഗമിക്കുകയാണെന്നും പറയാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു. നിയമ സാഹായം തേടാമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍, അത് വെറും പാഴ്‌വാക്കായി മാറുകയായിരുന്നു.

മലയാള സിനിമയില്‍ ചില നടന്‍മാരും അടിച്ചമര്‍ത്തപ്പെടുന്നുണ്ടെന്നും ഡബ്ല്യസിസി പറഞ്ഞു. തുടര്‍ന്നും അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. എന്നാല്‍ കണ്ണടച്ച് ഇനി ആരേയും വിശ്വസിക്കില്ലെന്നും പറഞ്ഞു. അമ്മ ഒരു സന്തോഷകരമായ കുടുംബമല്ലെന്നും ഡബ്ല്യുസിസി പറഞ്ഞു.

മുറിവേറ്റു, അപമാനിക്കപ്പെട്ടു, തോല്‍പ്പിക്കപ്പെട്ടുവെന്നും ഡബ്ല്യുസിസി പറഞ്ഞു. വെളിപ്പെടുത്തലുകളോ രാജിയോ അല്ല ലക്ഷ്യം. വരും തലമുറയ്ക്ക് മാന്യമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം. ആര് പിന്തുണച്ചില്ലെങ്കിലും നിശബ്ദരായിരിക്കില്ല. അംഗങ്ങളുടെ ക്ഷേമത്തിനായില്ലാതെ പ്രവര്‍ത്തിക്കുന്ന ഏക സംഘടനയാണ് അമ്മ. ആ മുഖംമൂടി പുറത്തെറിയാനുള്ള പ്രതിഷേധമാണ് തങ്ങളുടേതെന്നും ഡബ്ല്യുസിസി പറഞ്ഞു.

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.