1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2018

സ്വന്തം ലേഖകന്‍: ദുര്‍ഗന്ധമെന്ന് വെള്ളക്കാരന്റെ പരാതി; തന്നെയും മക്കളെയും വിമാനത്തില്‍നിന്നു ഇറക്കിവിട്ടതായി ആഫ്രിക്കന്‍ വനിത. അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെയാണ് പരാതിയുമായി ഇവര്‍ കോടതിയെ സമീപിച്ചത്. നൈജീരിയ സ്വദേശിനിയായ ക്വീന്‍ ഒബിയോമയാണ് വര്‍ണവിവേചനം കാണിച്ചതിന് വിമാനക്കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൂസ്റ്റണിലെ ഫെഡറല്‍ കോടതിയെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്. ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍വച്ച് ഹൂസ്റ്റണില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനത്തിനുള്ളില്‍ രണ്ടുവര്‍ഷം മുമ്പാണ് സംഭവം നടന്നത്. ഒബിയോമയ്‌ക്കൊപ്പം രണ്ടുമക്കളും ഉണ്ടായിരുന്നു.

ബിസിനസ് ക്ലാസിലായിരുന്നു ഇവര് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വിമാനത്തിനുള്ളില്‍ എത്തിയപ്പോള്‍ തങ്ങള്‍ ബുക്ക് ചെയ്തിരുന്ന സീറ്റില്‍ വെള്ളക്കാരനായ വ്യക്തി ഇരിക്കുന്നതു കണ്ടു. സീറ്റ് മാറിത്തരാന്‍ അയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വേറെ എതെങ്കിലും സീറ്റില്‍ ഇരിക്കാന്‍ വിമാനജീവനക്കാര്‍ ആവശ്യപ്പെട്ടതായി ഒബിയോമ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വിമാനം പറന്നുയരുന്നതിനു മുമ്പ് ഒബിയോമ ശുചിമുറിയില്‍ പോയി തിരികെയെത്തി. എന്നാല്‍ ഈ സമയത്ത് അകത്തേക്ക് കടക്കുന്നതില്‍നിന്ന് വെള്ളക്കാരനായ യാത്രക്കാരന്‍ ഒബിയോമയെ തടഞ്ഞു. തുടര്‍ന്ന് മൂന്നുവട്ടം ആവശ്യപ്പെട്ടെങ്കിലും വഴിമാറാന്‍ ഇയാള്‍ തയ്യാറായില്ല. പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് താനുള്ളില്‍ കടന്നതെന്നും ഒബിയോമ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സീറ്റിലിരുന്ന് കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ എത്തി വിമാനത്തിനുള്ളില്‍നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിനുള്ളില്‍നിന്ന് നീക്കം ചെയ്തതായി മറ്റൊരു ജീവനക്കാരന്‍ ഒബിയോമയോട് പറയുകയും ചെയ്തു. ഒബിയോമയില്‍നിന്ന് രൂക്ഷഗന്ധം വമിക്കുന്നുണ്ടെന്നും അതിനാല്‍ ഒപ്പം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സഹയാത്രികന്‍ പരാതിപ്പെട്ടതായും പൈലറ്റ് തന്നെ അറിയിച്ചതായി ഒബിയോമ പരാതിയില്‍ പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.