1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2017

സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദം, ആമിര്‍ ഖാന് പുരസ്‌കാരം നല്‍കാത്തതിരുന്നതിന് മുട്ടുന്യായവുമായി പ്രിയദര്‍ശന്‍, പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്. അവാര്‍ഡ് ലഭിച്ചാലും വാങ്ങില്ലെന്ന് അമീര്‍ ഖാന്‍ പറഞ്ഞതിനാലാണ് മികച്ച നടനുള്ള പുരസ്‌കാരം നല്‍കാതിരുന്നതെന്ന് ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്‍ വ്യക്തമാക്കി. ദേശീയ അവാര്‍ഡ് ദാനം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ പരാമര്‍ശം.

അക്ഷയ് കുമാറിന് അവാര്‍ഡ് നല്‍കിയതില്‍ ഇത്ര ചോദ്യം ചെയ്യാനില്ലെന്നും അത് അര്‍ഹിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ദംഗലിലെ പ്രകടനത്തിന് ധാരാളം അഭിനന്ദനങ്ങളും ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടിയ അമീറിനായിരുന്നില്ലേ കൂടുതല്‍ അര്‍ഹത എന്നായിരുന്നു ചോദ്യം. അവാര്‍ഡ് കിട്ടിയാലും വാങ്ങില്ലെന്ന് അമീര്‍ അടുത്തിടെ പറഞ്ഞിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ‘താരെ സമീന്‍ പര്‍’ എന്ന ചിത്രത്തിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ അമീര്‍ എത്തിയിരുന്നില്ല. സാധ്യതയുള്ള മറ്റു നടന്‍മാരുള്ളപ്പോള്‍ പുരസ്‌കാരം എന്തിന് പാഴാക്കണം?, പ്രിയന്‍ ചോദിക്കുന്നു.

അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, മനോജ് ബജ്‌പേയ് എന്നിവര്‍ക്ക് അക്ഷയ്കുമാറിനെക്കാള്‍ യോഗ്യത ഇല്ലേയെന്ന ചോദ്യത്തിന് 38 പേരടങ്ങിയ ജൂറിയാണ് അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തതെന്നായിരുന്നു മറുപടി. ആ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ല. കഴിഞ്ഞ വര്‍ഷം പികു എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. രമേഷ് സിപ്പിയായിരുന്നു ജൂറി ചെയര്‍മാന്‍. എന്തുകൊണ്ടാണ് അന്ന് ആരും ചോദ്യം ചെയ്യാതിരുന്നതെന്നും പ്രിയദര്‍ശന്‍ ചോദിച്ചു.

അതേസമയം ദേശീയ പുരസ്‌കാര ജൂറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. സംവിധായകരായ മുരുഗദോസ്, ഡോ ബിജു എന്നിവര്‍ ജൂറിയുടെ തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. അര്‍ഹതയുള്ളവരെ തഴഞ്ഞതായി ആരോപിച്ച് സമൂഹ മാധ്യമങ്ങളിലും ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങള്‍ പരക്കെ വിമര്‍ശനത്തിന് വിധേയമായി. അലിഗഡ് എന്ന ചിത്രത്തിലെ മനോജ് ബാജ്‌പേയിയുടേയും കമ്മട്ടിപ്പാടത്തിലെ വിനായകന്റേയും ദംഗലിലെ ആമീര്‍ ഖാന്റേയും പ്രകടനത്തെ തഴഞ്ഞ് അക്ഷയിന് മികച്ച നടനുള്ള പുരസ്‌ക്കാരം നല്‍കിയതാണ് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.