1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2011


എഡിറ്റോറിയല്‍

ലോകത്തേറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അഭിമാനിക്കുകയും ചിലപ്പോഴൊക്കെ അഹങ്കരിക്കുകയും ചെയ്യുന്ന ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 64 വര്‍ഷം തികഞ്ഞിരിക്കുന്നു.121 കോടി ജനങ്ങള്‍ അധിവസിയ്ക്കുന്ന രാജ്യം. സാമ്പത്തിക കണക്കുകള്‍ നിരത്തി ലോകത്തേറ്റവും അഭിവൃദ്ധി പ്രാപിയ്ക്കുന്ന രാജ്യമെന്നാണ് നമ്മുടെ രാഷ്ട്രീയനേതാക്കള്‍ അവകാശപ്പെടുന്നത്. അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ സൂപ്പര്‍ പവര്‍ ആകാന്‍ ഒരുങ്ങുന്ന രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താവും? അയല്‍രാജ്യങ്ങളുടെ അക്രമണമോ ഭീകരതയോ ഒന്നുമല്ലെന്നതാണ് യാഥാര്‍ഥ്യം. സമസ്ത മേഖലെയും കാര്‍ന്നു തിന്നുന്ന അഴിമതിയെന്ന അര്‍ബുദമാണ് ഇന്ത്യയുടെ തീരാശാപമായി തുടരുന്നത്.

ജനതയില്‍ വലിയൊരു വിഭാഗം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെങ്കിലും ഇവിടെ പിറക്കുന്ന കുഞ്ഞുങ്ങളില്‍ പകുതി പോഷാകഹാരം മൂലം വലയുന്നുണ്ടെങ്കിലും നമുക്ക് ഒരു കാര്യത്തില്‍ അഭിമാനിയ്ക്കാം. ലോകത്ത് ഏറ്റവുമധികം അഴിമതി നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുമ്പില്‍ തന്നെയാണ് നമ്മള്‍. അഴിമതിയുടെ കാര്യത്തില്‍ മറ്റു ലോകരാഷ്ട്രങ്ങളെയെല്ലാം അതിവേഗം പിന്നിലാക്കി ബഹുദൂരം നമ്മള്‍ മുന്നേറിക്കഴിഞ്ഞു.

അഴിമതിക്കാര്യത്തില്‍ പ്രധാനമായും രണ്ട് വെല്ലുവിളികളാണ് ഇന്ത്യന്‍ ജനതയ്ക്ക് മുന്നിലുള്ളത്. ഒന്ന്, വിദേശത്തേയ്ക്കുള്ള കള്ളപ്പണത്തിന്റെ കടത്ത്. രണ്ട്, ആഭ്യന്തരമായി സര്‍ക്കാര്‍ തലത്തിലുള്ള അഴിമതികള്‍. ഇത് രണ്ടും രാജ്യത്തിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും വിദേശത്തേയ്ക്ക് കടത്തിയ കള്ളപ്പണത്തിന്റെ കണക്കുകള്‍ ആരെയും ഞെട്ടിയ്ക്കുന്നതാണ്.

ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് 11,456 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് വിദേശത്ത് നിക്ഷേപിച്ചിരിക്കുന്നത്.ഈ പണം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ രാജ്യത്തിന് വേണ്ടി ചെയ്യുവാന്‍ കഴിയുന്ന ഏകദേശ കാര്യങ്ങള്‍ സൂചകമായി ചുവടെ ചേര്‍ക്കുന്നു.

ഇന്ത്യ ലോകത്തെ പന്ത്രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും.

ഓരോ ജില്ലയ്ക്കും 60000 കോടി രൂപ വീതം ലഭിക്കും

ഓരോ ഗ്രാമത്തിനും കിട്ടും ശരാശരി നൂറു കോടി

അടുത്ത ഇരുപതു വര്‍ഷത്തേയ്ക്ക് നികുതി അടയ്ക്കേണ്ടതില്ല.

പെട്രോള്‍ വില 19 രൂപയും ഡീസല്‍ വില 15 രൂപയും പാലിന്‍റെ വില 5 രൂപയുമാകും.

കറന്‍റ് ബില്‍ അടയ്ക്കേണ്ടി വരില്ല

ഇന്ത്യയുടെ അതിര്‍ത്തികള്‍ ചൈനയുടെ വന്‍ മതിലിനേക്കാള്‍ ദൃഡമാകും

ഓക്സ്ഫോര്‍ഡ് പോലെയുള്ള 1500 കോളേജുകള്‍ തുറക്കാന്‍ സാധിക്കും

28,000 km റബര്‍ റോഡ്‌ നിര്‍മിക്കാന്‍ സാധിക്കും

ചികിത്സ തികച്ചും സൌജന്യമായി നല്‍കുന്ന 2,000 ആധുനിക ആശുപത്രികള്‍ നിര്‍മിക്കാന്‍ സാധിക്കും.

ഇന്ത്യയിലെ ജനങ്ങളില്‍ 95 കോടി ആളുകള്‍ക്കും സ്വന്തമായി വീടുണ്ടാവും.

ഇതൊക്കെ ഒരു പക്ഷെ അസാധ്യമാണെന്ന് നമ്മളില്‍ പലര്‍ക്കും തോന്നിയേക്കാം.ബ്രിട്ടീഷുകാരുടെ അടിമത്വത്തില്‍ കഴിഞ്ഞ നാളുകളിലും ഇതേ വികാരമായിരുന്നു ഇന്ത്യക്കാരന് ഉണ്ടായിരുന്നത്.എന്നാല്‍ മാഹാത്മ ഗാന്ധി മുന്നില്‍ നിന്ന് അഹിംസയുടെ മാര്‍ഗത്തില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ സ്വാതന്ത്ര്യമെന്ന അസാധ്യമായ സ്വപ്നം പൂവണിയുകയായിരുന്നു.ഇപ്പോള്‍ നമുക്ക് വേണ്ടത് വീണ്ടുമൊരു സ്വാതന്ത്ര്യമാണ് ഇക്കഴിഞ്ഞ 64 വര്‍ഷമായി ജനാധിപത്യത്തിന്‍റെ മറവില്‍ നമ്മെ വരിഞ്ഞു മുറുക്കിയിരിക്കുന്ന അഴിമതിയെന്ന വിഷസര്‍പ്പത്തിന്റെ പിടിയില്‍ നിന്നുള്ള മോചനം.ഈ രണ്ടാം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ ഓരോ ഭാരതീയനും ധാര്‍മികമായ ഉത്തരവാദിത്വമുണ്ട്.അതിനായി അന്ധമായ രാഷ്ട്രീയ ചായ്‌വ് മാറ്റി വച്ചു കൊണ്ട് മുന്നോട്ടു വരാന്‍ ഗാന്ധി മാര്‍ഗത്തില്‍ സമരം നടത്തുന്ന അന്ന ഹസാരയെ നാം പിന്തുണയ്ക്കണം.

ബ്രിട്ടനിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുതാര്യത അനുഭവിച്ചറിയുന്ന നമ്മള്‍ യു കെ മലയാളികള്‍ എല്ലാവരും തന്നെ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി ഒരിക്കലെങ്കിലും അനുഭവിച്ചവരായിരിക്കും.എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്ന നിമിഷം മുതല്‍ തിരികെ കയറുന്നതുവരെ വിവിധ മേഖലകളിലെ കൈക്കൂലിയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും നമ്മുടെയൊക്കെ മനം മടുപ്പിചിട്ടുണ്ടാവും.ഇനി ഒരു പക്ഷെ ഇന്ത്യയിലേക്ക് തിരികെ പോകാന്‍ പദ്ധതിയില്ലെങ്കിലും നാട്ടിലെ ഈ അഴിമതി ഒന്ന് ശമിച്ചു കാണാന്‍ നമ്മളില്‍ പലരും ആഗ്രഹിക്കുന്നുണ്ടാവും.അതുകൊണ്ട് തന്നെ നമുക്ക് ഹസാരയ്ക്ക് പിന്തുണ നല്‍കാം.ഇതിനായി മലയാളി അസോസിയേഷനുകളും ഇതര സംഘടനകളും യുക്മ പോലെയുള്ള ദേശീയ സംഘടനകളും മുന്‍കൈയെടുക്കണം.ഈ ജനകീയ സമരത്തെ പിന്തുണയ്ക്കുക എന്നത് പിറന്ന നാടിനെ സ്നേഹിക്കുന്ന ഓരോ യു കെ മലയാളിയുടെയും കടമയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.