1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2016

സ്വന്തം ലേഖകന്‍: ഇസ്രായേലില്‍ വന്‍ കാട്ടുതീ, തീക്കാറ്റിന്റെ ഭീഷണിയില്‍ വിറച്ച് ജനങ്ങള്‍. പ്രധാന ഇസ്രയേല്‍ നഗരമായ ഹൈഫക്കടുത്ത് തുടങ്ങിയ കാട്ടുതീയാണ് ജനവാസകേന്ദ്രങ്ങളിലേക്ക് പടര്‍ന്നുപിടിച്ച് വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. വ്യാഴാഴ്ച കത്തിത്തുടങ്ങിയ തീ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഒരു ലക്ഷത്തോളം ആളുകളെ സംഭവസ്ഥലത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

തുറമുഖനഗരമായ ഇവിടെ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2010ല്‍ 44 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ ദുരന്തം ആവര്‍ത്തിക്കുമോ എന്ന് ഭയപ്പെട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. പത്തുമീറ്ററോളം ഉയരത്തില്‍ തീ ആളിക്കത്തുന്നുണ്ട്. ഹൈഫ യൂനിവേഴ്‌സിറ്റിയില്‍നിന്ന് വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചു.

ഹൈഫ മേഖലയില്‍ പുക ശ്വസിച്ച് നിരവധി പേര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തില്‍ തുര്‍ക്കി, റഷ്യ, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ്, ഗ്രീസ് എന്നീ രാജ്യങ്ങള്‍ പങ്കാളികളായി. രക്ഷാപ്രവര്‍ത്തനത്തിന് ഈ രാജ്യങ്ങളില്‍ നിന്നായി 10 അഗ്‌നിശമന വിമാനങ്ങള്‍ ഇസ്രായേലിലേക്കയച്ചു. ഇസ്രായേലുമായി അടുത്തിടെ നയതന്ത്രബന്ധം പുന:സ്ഥാപിച്ച തുര്‍ക്കിയും റഷ്യയും കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

സഹായത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നന്ദിയും പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും തുര്‍ക്കി അധികൃതരുമായും ടെലിഫോണിലൂടെയാണ് നെതന്യാഹു സഹായമഭ്യര്‍ഥിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.