1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2015

സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്കു മാത്രമായി ഓട്ടോറിക്ഷ ഓടിത്തുടങ്ങും. ലാഹോറിലെ സാമൂഹിക പ്രവര്‍ത്തകയായ സാറ അസ്ലമാണ് വനിതകള്‍ക്കായി ഓട്ടോറിക്ഷ എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്.

ഇന്നു പൊതുഗതാഗത സംവിധാനങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര സാധ്യമല്ലാതായതോടെയാണ് വനിതകള്‍ക്ക് മാത്രമായി പ്രത്യേക വാഹനം എന്ന ആശയം നടപ്പായത്. വനിതകള്‍ തന്നെ ഓടിക്കുന്ന ബസുകളും കാറുകളും ഓട്ടോറിക്ഷകളുമെല്ലാം മിക്ക രാജ്യത്തുമുണ്ട്.

സ്ത്രീ സൗഹൃദ യാത്രാ സൗകര്യം ഒരുക്കിയവരുടെ കൂട്ടത്തില്‍ ഇനി പാകിസ്ഥാനും അണിചേരുകയാണ്. സാമൂഹിക പ്രവര്‍ത്തക സാറ അസ്ലമും സുഹൃത്തുക്കളുമാണ് പാകിസ്ഥാനില്‍ ആദ്യമായി വനിതാ ഓട്ടോ എന്ന ആശയം നടപ്പാക്കിയത്.

പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന സ്ത്രീകള്‍ വളരെയധികം പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. മാത്രമല്ല, അപകട സാധ്യതയും ഏറെയാണ്. ടാക്‌സികള്‍ ഒട്ടും സുരക്ഷിതമല്ലെന്നും സാറ പറയുന്നു.

സ്വന്തമായി ഒട്ടോറിക്ഷ വാങ്ങി പിങ്ക് നിറം നല്‍കിയാണ് അതിനെ സാറ വനിതാ ഓട്ടോയാക്കി മാറ്റിയത്. സാറാ നസീം ആണ് പിങ്ക് ഓട്ടോയുടെ സാരഥി. സ്ത്രീകള്‍ക്ക് ഡ്രൈവിങ് പഠിക്കാനും ലൈസന്‍സ് എടുക്കാനും സാറയുടെ സംഘം സഹായം നല്‍കും. സ്ത്രീകള്‍ക്കായി കൂടുതല്‍ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാനാണ് ഇവരുടെ ശ്രമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.