1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2019

സ്വന്തം ലേഖകന്‍: പാക് സംസ്‌കാരം നശിപ്പിക്കുന്നു; ഇന്ത്യന്‍ ചാനല്‍ പരിപാടികള്‍ പാക്കിസ്താനില്‍ അനുവദിക്കാനാകില്ലെന്ന് പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. പാക് ടെലിവിഷനുകളില്‍ ഇന്ത്യന്‍ പ്രോഗ്രാമുകള്‍ പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പെമ്ര) നിരോധിച്ചിരുന്നു. ഇത് സ്റ്റേചെയ്തുകൊണ്ട് ലഹോര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേയുള്ള അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതുമൂലം തങ്ങളുടെ സംസ്‌കാരത്തിന് കോട്ടം സംഭവിക്കുമെന്നും ഇത്തരം പരിപാടികള്‍ പാക് സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് പാകിസ്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സാഖിബ് നിസാര്‍ പറഞ്ഞു.

ഫില്‍മാസിയ ചാനലിന്റെ 65 ശതമാനം പരിപാടികളും വിദേശ ഉള്ളടക്കമാണെന്നും ചില ഘട്ടങ്ങളിലിത് 80 ശതമാനംവരെ പോകാറുണ്ടെന്നും വാദത്തിനിടെ അതോറിറ്റിയുടെ ചെയര്‍മാന്‍ സലീം ബൈഗ് കോടതിയെ അറിയിച്ചു. ഇന്ത്യന്‍ ഉള്ളടക്കമുള്ള പരിപാടികള്‍ പാക് ചാനലുകളില്‍ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഫില്‍മാസിയ ഒരു വാര്‍ത്താ ചാനല്‍ അല്ലാത്തതിനാല്‍ പ്രത്യേക അജന്‍ഡവെച്ചുള്ള പ്രചാരണമൊന്നും ഉണ്ടായിട്ടില്ലെന്ന് സലീം ബൈഗ് പറഞ്ഞു. എന്തൊക്കെയായാലും ഇത് പാക് സംസ്‌കാരം നശിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. പാകിസ്താന്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റെ അഭിഭാഷകന്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കോടതി കേസ് ഫെബ്രുവരിയിലേക്ക് മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.