1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2018

സ്വന്തം ലേഖകന്‍: ലോകത്ത് ആദ്യമായി മരിച്ച സ്ത്രീയില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചു; വൈദ്യശാസ്ത്രത്തിലെ അത്ഭുതപ്പിറവി ബ്രസീലില്‍. ബ്രസിലിലെ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് രണ്ടര കിലോ ഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍നിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ആദ്യത്തെ സംഭവമാണ് ഇത്. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2016 സെപ്റ്റംബറിലായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ മരിച്ച സ്ത്രീയില്‍ നിന്നുള്ള ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന സ്ത്രീയിലേയ്ക്ക് മാറ്റിവച്ചത്.

ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത എം.ആര്‍.കെ.എച്ച് (മെയോര്‍ റൊക്കിസ്റ്റന്‍സി കെസ്റ്റര്‍ ഹൗസര്‍ സിന്‍ഡ്രോം) പ്രത്യേക ശാരീരികാവസ്ഥയോടെ ജനിച്ചയാളാണ് സ്വീകര്‍ത്താവ്. സ്‌ട്രോക്ക് വന്നു മരിച്ച 45 വയസ് പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭപാത്രം 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവതിയില്‍ മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുദിവസം യുവതിയുടെ ശരീരം ഗര്‍ഭപാത്രം അവഗണിക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിരുന്നു.

ഗര്‍ഭപാത്രം മാറ്റിവച്ച് 37 മത്തെ ദിവസം യുവതിക്ക് ആദ്യത്തെ ആര്‍ത്തവം ഉണ്ടായി. തുടര്‍ന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം യുവതി ഗര്‍ഭിണിയാകുന്നിടം വരെ സ്ഥിരമായി ആര്‍ത്തവം ഉണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു വിധയമാകുന്നതിന് മുമ്പു തന്നെ യുവതിയുടെ അണ്ഡങ്ങള്‍ ശീതികരിച്ച് സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഐവിഎഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭിണിയായി. ഗര്‍ഭത്തിന്റെ എട്ടാം മാസം (35 ആഴ്ചയും മൂന്നു ദിവസവും) സിസേറിയന്‍ വഴി ഇവര്‍ പൂര്‍ണ്ണആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് 17.7 ഇഞ്ച് നീളവും രണ്ടര കിലോ ഭാരവും ഉണ്ട്.

ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് വൈദ്യശാസ്ത്ത്രിലെ നാഴികക്കല്ലായിരുന്നു. 18 വര്‍ഷങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യയിലായിരുന്നു ആദ്യത്തെ ശസ്ത്രക്രിയ. എന്നാല്‍ 2012 വരെ ഇത്തരത്തിലുള്ള ശസ്ത്രക്രിയകളില്‍ നിന്ന് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നില്ല. വന്ധ്യതമൂലം കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയാത്ത അനേകം സ്ത്രീകള്‍ക്ക് ഇത് വളരെയെറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയായിരുന്നു. എന്നാല്‍ ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗര്‍ഭപാത്രം നല്‍കാന്‍ തയ്യാറായി എത്തുന്നവര്‍ കുറവാണെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.