1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2018

സ്വന്തം ലേഖകന്‍: ഒന്ന് ബ്രേക്കിട്ടതാ! പിന്നെ കൂട്ടയിടിയായിരുന്നു; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ലോകത്തിലെ ഏറ്റവും മോശം ഡ്രൈവറുടെ പ്രകടനം. കുഴപ്പക്കാരന്‍ ഡ്രൈവര്‍ കാരണം ചൈനയിലെ ദേശീയപാതയിലുണ്ടായ അപകടങ്ങളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.

തിരക്കേറിയ ദേശീയപാതയിലാണ് സംഭവം. ഒരു വെളുത്തകാറും അതിലെ ഡ്രൈവറുമാണ് സംഭവത്തിലെ വില്ലന്മാര്‍. വലതു വശത്തെ വഴിയിലേക്ക് പോകേണ്ട കാര്‍ ഇടതുവശത്തെ വഴിയിലേക്ക് കയറിയതോടെയാണ് സംഭവം ആരംഭിക്കുന്നത്. വഴി മാറിപ്പോയെന്ന് മനസ്സിലായതോടെ ഡ്രൈവര്‍ കാര്‍ പൊടുന്നനെ നിര്‍ത്തി. അതും സ്പീഡ് ട്രാക്കിന്റെ ഒത്ത നടുവില്‍ത്തന്നെ.

ഇതേസമയം ഒരു ട്രക്കും ബസും അതിവേഗതയില്‍ പിന്നാലെ വരുന്നുണ്ടായിരുന്നു. കാര്‍ വഴിയുടെ നടുവില്‍ നിര്‍ത്തിയതോടെ പിന്നാലെ വന്ന ട്രക്ക് കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു. ഈ ശ്രമത്തിനിടെ ട്രക്ക് മറിഞ്ഞു. ബസ് മറുവശത്തുകൂടി കടന്നുപോവുകയും ചെയ്തു.

കഴിഞ്ഞെന്നു കരുതരുത്. കാര്‍ മെല്ലെ വലതുവശത്തെ റോഡിലേക്ക് തിരിഞ്ഞതോടെ പിന്നാലെ വന്ന മറ്റൊരു ട്രക്കിനും നിയന്ത്രണം വിട്ടു. കാറിന് വളരെ അടുത്തെത്തുകയും ചെയ്തു. അപ്പോഴേക്കും വെളുത്തകാറിന്റെ ഡ്രൈവര്‍ തനിക്ക് പോകേണ്ട വഴിയില്‍ എത്തിയിരുന്നു.

പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത രീതിയില്‍ അദ്ദേഹം കാര്‍ ഓടിച്ചു പോവുകയും ചെയ്തു. ഏപ്രില്‍ പത്തിന് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കാണുകയും പങ്കുവക്കുകയും ചെയ്തത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.