1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2015

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 യു കെ യില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും ഒക്കെ പിഞ്ചു കുഞ്ഞുങ്ങളുടെ ആകസ്മികമായമരണവാര്‍ത്തകളും അവയെ ചൊല്ലിയുള്ള പഴിചാരലുകളും കുറ്റം നിഷേധിക്കലും,അങ്ങനെ വളരെ കലുഷിതമായ നാളുകളിലൂടെയാണ് പ്രവാസി സമൂഹം ഇപ്പോള്‍ കടന്നു പോകുന്നത്,പ്രത്യേകിച്ചും യു കെ യിലെ മലയാളികള്‍.ഇക്കഴിഞ്ഞ ജൂലൈ 11 ശനിയാഴ്ച ലോകമെമ്പാടുമുള്ള മലയാളികളെ തേടി യു കെ യില്‍ നിന്നും ഒരു ദുരന്തവാര്‍ത്ത എത്തുകയുണ്ടായി.പാലക്കാട് അട്ടപ്പാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെഹിയോണ്‍ ധ്യാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നൊട്ടിങ്ങ്ഹാം അരീനയില്‍ നടത്തിയ ബൈബിള്‍ കണവന്‍ഷനില്‍ പങ്കെടുക്കാനെത്തിയ രണ്ടു വയസുള്ള ഒരു പിഞ്ചുകുഞ്ഞ് സ്വന്തം പിതാവിന്റ്‌റെ വാഹനത്തിന്റെ അടിയില്‍ പെട്ട് മരണമടഞ്ഞ ദുഃഖവാര്‍ത്ത കാട്ടുതീ പോലെയാണ് വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ യിലൂടെയും പടര്‍ന്നത്.ഇതേ തുടര്‍ന്ന് വിവാദങ്ങള്‍ പല മാനങ്ങളിലേക്കും കടന്നു. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് മലയാളികള്‍ ഏറെ താമസിക്കുന്ന യു കെ യിലെ ലെസ്റ്ററില്‍ നിന്നും മറ്റൊരു അപകട വാര്‍ത്തയും നാം കേട്ടു.അതിനെ മാതാപിതാക്കളുടെ കുറ്റമായി കണ്ട് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയുണ്ടായി.ഇത്തരം വികാര പ്രകടനങ്ങള്‍ നടത്തുന്ന പലരും സത്യം എന്തെന്ന് ഒരിക്കലും അന്വേഷിക്കാന്‍ മുതിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.എന്നാല്‍ ഈ വിവാദങ്ങളില്‍ നിന്നെല്ലാം അകന്നു നിന്ന യു കെ യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും,എഴുത്തുകാരിയും വേള്‍ഡ് മലയാളി കൌണ്‍സില്‍ യുറോപ്പിന്റെ യു കെ വിഭാഗം കോര്‍ഡിനേറ്ററുമായ ശ്രീമതി ആനി ഇസ്സിദോര്‍ പാലിയത്ത് തുറന്നു പ്രതികരിക്കുന്നു.കേവലം വിവാദങ്ങള്‍ ക്കപ്പുറം കാലിക പ്രാധാന്യമുള്ള ചില കാര്യങ്ങളാണ് ശ്രീമതി ആനി ചൂണ്ടിക്കാട്ടുന്നത്.

പ്രിയ പ്രവാസി സുഹൃത്തുക്കളോട് സ്‌നേഹപൂര്‍വ്വം ആനി പാലിയത്ത്….,

ഹൃദയം നുറുങ്ങുന്ന വേദനയോടെ എഴുതുന്ന കുറച്ചു കാര്യങ്ങള്‍…
കഴിഞ്ഞ ദിവസം നമ്മളില്‍ നിന്ന് പൊലിഞ്ഞുപോയ നമ്മുടെ കുഞ്ഞ് മാലാഖയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

 

 

 

 

 

 

 

 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ നാസിക്കിലും ഈ സംഭവിച്ചതിന് സമാനമായ ഒരു സംഭവം നടന്നിരുന്നു. ഓഫീസ്സില്‍ നിന്ന് പുറത്തേക്ക് നടന്ന അമ്മയുടെ പുറകെ ഓടിയ ഒരു കുരുന്നിന്റെ ജീവന്‍ മുന്നോറ്റെടുത്ത കാറിന്റെ അടിയില്‍ പെട്ട സംഭവം.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയുക.

ദൈവകൃപയാല്‍ കുഞ്ഞിന് ജീവാപായമുണ്ടായില്ല.
ഈ സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന / പേടിപ്പിക്കുന്ന രണ്ടു സത്യങ്ങള്‍ ഉണ്ട്.നമ്മളുടെ ജീവിതത്തിലുള്ള അമിതമായ ആത്മവിശ്വാസം നമ്മളെ എപ്പോഴും കൈനടത്തില്ല. ഇതിലുള്ള എന്റെ കാഴ്ച്ചപ്പാടാണ് ഇവിടെ കുറിക്കുന്നത്.

മറ്റുള്ളവനെ വിധിക്കാന്‍ ഞാന്‍ ആളല്ലെങ്കിലും കുറെ നാളായി പറയാന്‍ ആഗ്രഹിക്കുന്ന മലയാളിയുടെ രണ്ടു നഗ്‌നസത്യങ്ങളുടെ ശേഷകാഴ്ച മാത്രമാണു ഈ സംഭവങ്ങള്‍ എന്നു പറയാന്‍ ആഗ്രഹിക്കുന്നു. ഒരു പിഞ്ചു കുരുന്നിന്റെ നഷ്ട്ടത്തിന് മുന്നിലിരുന്ന് ഗിരിപ്രഭാഷണം നടത്തുന്നതായി കാണാതെ, ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാന്‍ ഇനിയുള്ള കുരുന്നുകളുടെ ജീവനെ രക്ഷിക്കാനായി ഇതിനെ ആരെങ്കിലും കണ്ടാല്‍ നന്നായിരുന്നു.

ഇപ്പോള്‍ നടന്നത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വളരെ ആകസ്മികമായ ഒരു ദുരന്തമായിരുന്നു. ഇതില്‍ മാതാപിതാക്കള്‍ക്കും സംഘടനകള്‍ക്കും ഒരു പങ്കും ഇല്ല.

പക്ഷേ ഇത്തരം ദുരന്തങ്ങള്‍ നമ്മുടെ ഇടയില്‍ പതിയിരിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളേറെയായി.നമ്മള്‍ മലയാളികള്‍ നടത്തുന്ന ഏതെങ്കിലും പരിപാടികള്‍ ശ്രദ്ധിച്ചാല്‍ മതി. അസോസിയേഷന്‍ പരിപാടി ആവട്ടെ, പള്ളി പെരുന്നാള്‍ ആവട്ടെ, ഞായറാഴ്ച കുര്‍ബാനകള്‍ ആകട്ടെ. മലയാളി കുട്ടികള്‍ എവിടേയും മാതാപിതാക്കളുടെ കണ്ണെത്താത്ത സ്ഥലങ്ങളില്‍ ആര്‍ത്തു തിമിര്‍ക്കുന്നുണ്ടാവാം.പുറം രാജ്യങ്ങളിലെ സുരക്ഷയോടുള്ള അമിത വിശ്വാസമാവാം, അല്ലെങ്കില്‍ ‘നമ്മുടെ ആളുകളല്ലെ’ എന്ന ചിന്ത ആവാം. എന്നിരുന്നാലും നമ്മള്‍ നമ്മുടെ മക്കളെ ഇതുപോലുള്ള പരിപാടികള്‍ക്കിടയില്‍ സൂക്ഷിക്കുന്നുണ്ടോ?? ഒന്നു ചിന്തിച്ച്‌നോക്കുക…..

 കുറച്ച് നാള്‍ മുന്‍പ് നടന്ന മെഡെലിന്‍ സംഭവം ആരും മറന്നു കാണാന്‍ വഴിയില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയുക.

പലപ്പോഴും കുട്ടികളുടെ അപകടം പിടിച്ച കളികള്‍ / നടത്തങ്ങള്‍ മാതാപിതാക്കള്‍ കണ്ടാല്‍ തന്നെ അവരെ ശാസിക്കാന്‍ നില്‍ക്കാറില്ല. സ്റ്റേജില്‍ പ്രോഗ്രാം നടക്കുമ്പോള്‍ ചാടി കളിക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ കണ്ടാലും ഒന്നു പിടിച്ച് മാറ്റില്ല.. (കുട്ടികളെ സ്വന്തം ചിറകിനടിയില്‍ സൂക്ഷിയ്ക്കുന്ന മാതാപിതാക്കളും ധാരാളം ഉണ്ട് എന്നു വിസ്മരിക്കുന്നില്ല)

മാതാപിതാക്കള്‍ പ്രോഗ്രാമുകള്‍ ആസ്വദിക്കുമ്പോള്‍ സ്റ്റേജിന് പുറത്തു കളിക്കുന്ന കുട്ടികള്‍!!! അതില്‍ പതിയിരിക്കുന്ന അപകടം പലപ്പോഴും നാം മറന്നു പോകുന്നു. (ഉള്ളില്‍ നടക്കുന്ന പരിപാടികള്‍ നമ്മുടെ കുരുന്നുകള്‍ പലപ്പോളും ആസ്വദിക്കാറില്ല എന്ന സത്യം ഇവിടെ വീണ്ടും തെളിയുന്നു. )
അടുത്തിടെ വന്ന ഒരു വാര്‍ത്ത ഓര്‍ത്ത് പോകുന്നു. ഞായറാഴ്ച പള്ളിയില്‍ കളിച്ചിരുന്ന ഒരു എട്ട് വയസ്സുകാരിയെ തട്ടി കൊണ്ട് പോകാന്‍ നടത്തിയ ശ്രമം. അത് കേട്ടു മലയാളികള്‍ അടക്കം ഉള്ളവര്‍ ഞെട്ടി. തങ്ങളുടെ മക്കളും ആ കൂട്ടത്തില്‍കളിക്കുകയായിരിന്നു.

വിശദ വായനക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയുക.

അതുപോലെ തന്നെ ജൂലി ഡെന്‍സില്‍ പറഞ്ഞ കാര്യം. എന്തു കൊണ്ടും മലയാളി സ്വീകരിക്കേണ്ട ഒരു മാറ്റം ആണ് ആ ‘ചൈല്‍ഡ് ഹാര്‍നെസ്സ്……’ child harness..നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ!
ഈ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലെങ്കിലും നമ്മുടെ മക്കളുടെ കാര്യത്തില്‍ പറ്റിയിട്ടില്ല എന്നുള്ളവര്‍ ഭാഗ്യവാന്മാര്‍.അല്ലാത്തവര്‍ ഇനിയെങ്കിലും ജാഗരൂകരായിരിക്കുക. ദൈവകൃപയാല്‍ അനര്‍ത്ഥങ്ങള്‍ സംഭവിച്ചില്ല. ഇനിയെങ്കിലും ഇത്തരം അശുഭ സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, ശ്രദ്ധിക്കാം.

ഇനി രണ്ടാമത്തെ കാര്യം. ( യു കെ മലയാളികള്‍ക്ക് മാത്രമായി ).

കൂണ് പോലെ വളര്‍ന്ന് വരുന്ന ധ്യാന സംസ്‌കാരം.വാര്‍ഷികധ്യാനങ്ങള്‍ ആയിരിന്നു മലയാളികള്‍ക്ക് രണ്ടു പതിറ്റാണ്ടു മുന്‍പു വരെ ധ്യാനങ്ങള്‍. എന്നാല്‍ ഇന്ന് എല്ലാ മാസവും സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന് പോകാത്തവന്‍ സാത്താന്‍,പോകുന്നവന്‍ ഉടലോടെ സ്വര്‍ഗത്തില്‍ പോകുന്നവന്‍ എന്ന സംസ്‌കാരമാണ് യുകെയിലുള്ള ക്രൈസ്തവ കുടുംബങ്ങളില്‍ കാണുന്നത്.

‘കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കുന്നവനല്ല’ എന്നു തുടങ്ങുന്ന മത്തായി ഏഴാം അദ്ധ്യായം 21 മുതല്‍ 23 വരെയുള്ള ബൈബിള്‍വാക്യങ്ങള്‍ വിശ്വാസികള്‍ ഒന്നു ഇടക്കിടെ വായിച്ചു സ്വയം നെടുവീര്‍പ്പെടുന്നത് നല്ലതെന്നു തോന്നാറുണ്ട് (ഞാന്‍ ഇടക്കിടെ വായിക്കും ,നെടുവീര്‍പ്പെടും!!).ആത്മീയത എന്നും നല്ലത് തന്നെ എന്നാണ് എന്റെ അഭിപ്രായം.ഏത് മതമായാലും പഠിപ്പിക്കുന്നത് ഒന്നു തന്നെ.സ്‌നേഹം. അതൊന്നു മാത്രം.പക്ഷേ അമിതമായാല്‍ ഈ ആത്മീയതയും വിഷമാകും, വിഷമമാകും.

പണ്ടൊരു ധ്യാനഗുരു പറഞ്ഞതോര്‍ക്കുന്നു ആളുകള്‍ക്കെല്ലാം പാപപരിഹാരമായി ‘അടുത്തുള്ള പള്ളിയില്‍ പോയി കുമ്പസാരിക്കൂ’ എന്നു പറഞ്ഞാല്‍ അവര്‍ക്ക് തൃപ്തിയില്ല. എന്നാല്‍ ‘നീ പോയി വേളാങ്കണ്ണിയില്‍ പ്രാര്‍ത്ഥിച്ച് കുമ്പസാരിക്കൂ’ എന്നു പറഞ്ഞാല്‍ ബഹു സന്തോഷം. ആത്മീയ ആനന്ദകരം !!!

ഈ ധ്യാനങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന ഒരു കൂട്ടം കുട്ടികള്‍ അവരുടെ കൂട്ടുകാരുമായുള്ള മാസ കൂടിച്ചേരലിന്റെ ഭാഗം ആയിട്ടാണ് കാണുന്നത്. നല്ലത്.ചിലര്‍ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും പള്ളിയില്‍ പോകില്ല. എല്ലാം കൂട്ടി സെക്കന്‍ഡ് സാറ്റര്‍ഡേ ധ്യാനങ്ങളില്‍ പോയി പാപപരിഹാരം കാണും. വളരെ നല്ലത് !!!!!

ചിലരെ കാണാറുണ്ട് എല്ലാ മാസവും അര മണിക്കൂറെടുത്തു കുമ്പസാരിക്കുന്നത്. എല്ലാ മാസവും ഇത്രയും പാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം അല്ല അതിനു പരിഹാരം. ഒന്നുകില്‍ സൈകോളജിസ്റ്റ് അല്ലെങ്കില്‍ കൌണ്‍സിലിങ്ങ്..ഇത്രയും ധ്യാനങ്ങള്‍ക്കു യുകെ മുഴുവനും ചുറ്റി പോകുന്ന നിങ്ങള്‍ ഒരു മാസം ചിലവാക്കുന്ന പെട്രോള്‍ കാശ് മാത്രം നാട്ടില്‍ ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിന് അയച്ചു കൊടുത്താല്‍ നമ്മള്‍ ദൈവം ആഗ്രഹിക്കുന്ന ആ തിരുവിഷ്ടം നിറവേറ്റും എന്നു തീര്‍ച്ച. കൊടുക്കാന്‍ സ്ഥലങ്ങള്‍ ഇല്ലെങ്കില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന പല മലയാളികളും ഇന്ന് യുകെയില്‍ ഉണ്ട്. ഇനി ഒരു ദിവസം നിങ്ങള്‍ക്ക് ദൈവത്തിന്നായി ചിലവഴിക്കണം എന്നുണ്ടെങ്കില്‍ നാട്ടിലോ ഇവിടെയോ ആശുപത്രികള്‍ ,ജയിലുകള്‍ സന്ദര്‍ശിക്കൂ… അതും നമ്മുടെ ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്നു മറക്കണ്ട.

 

 

 

 

 

 

 

 

 

 

 

 

 

 എന്റെ ചോദ്യം ഒന്നു മാത്രം…! 

എന്തു കൊണ്ട് ഒരു ധ്യാന കേന്ദ്രങ്ങളും പറയുന്നില്ല??? ….’നിങ്ങള്‍ ഈ മാസം ധ്യാനത്തിന് വരാതെ അന്ന് ചിലവാകുന്ന പെട്രോള്‍, ഭക്ഷണം എന്നിവയുടെ പൈസ നാട്ടിലുള്ള ആവശ്യമുള്ള ഒരു കുടുംബത്തിന് നല്‍കൂ എന്ന്!!?ഇപ്പോള്‍ ഫെയ്സ്സുബുക്ക് മുഴുവനും പലരെയും കുറ്റം ചാര്‍ത്തുന്നത് കാണാം. കുറ്റം ആരുടേയും അല്ല. നമ്മളെ കുറ്റബോധത്തിന്റെ വലയില്‍ വീഴ്ത്തി മീന്‍ പിടിക്കുമ്പോള്‍ ആ വലയില്‍ വീണു പോകുന്ന നമ്മള്‍ തന്നെയാണ് കുറ്റക്കാര്‍…

 

 

 

 

 

 

 

 

 

 

 

 

തന്നിലേ സുഗന്ധത്തെ തിരിച്ചറിയാതെ അലയുന്ന കസ്തൂരി മാനിനെപ്പോലെ ആകാതിരിക്കട്ടെ നമ്മുടെ ജീവിതം… 

ആത്മീയത നമ്മളിലാണ്…

അത് തേടി തേടി അലയേണ്ടതില്ല…

അതാരും വില്‍ക്കുന്നില്ല…വാങ്ങാനും വഴിയില്ല… ആ അലച്ചില്‍ ദുരന്തങ്ങളിലേ അവസാനിക്കൂ..

നമുക്ക് ദൈവം തന്നിട്ടുള്ള കുറച്ചു കടമകള്‍ ഉണ്ട്….നമ്മുടെ മാതാപിതാക്കളോട്, ഭാര്യഭര്‍ത്താവിനോട്, മക്കളോട്, കൂട്ടുകാരോട്, ബന്ധുക്കളോട്, സഹപ്രവര്‍ത്തകരോട്, നാട്ടുകാരോട്, ചെയ്യുന്ന ജോലിയോട്…..ഇതെല്ലാം കഴിവിന്റെ പരമാവധി കൃത്യമായി നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍, സ്വന്തം വീടിന്റെ മൂലയില്‍ ഇരുന്ന് വിളിച്ചാല്‍ പോലും നമ്മള്‍ വിശ്വസിക്കുന്ന ദൈവം നമ്മോടു കൂടെ എന്നും ഉണ്ടാവും..

 ആ പിഞ്ചു കുരുന്നിന്റെയും കുടുംബത്തിന്റെയും കണ്ണീരിനോടൊപ്പം നമുക്കും പ്രാര്‍ത്ഥനയോടെ ചേരാം…ജഗദീശ്വരന്‍ ഇതെല്ലാം സഹിക്കുവാനും മറക്കുവാനും ഉള്ള ശക്തി ആ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകിച്ചു ആത്മസഘര്‍ഷം അനുഭവിക്കുന്ന ആ പിതാവിനു നല്‍കട്ടെ എന്നു പ്രാര്‍ഥിക്കാം…

ഒരു നല്ല നാളേയ്ക്കായി …പ്രാര്‍ത്ഥനയോടെ….

സസ്‌നേഹം
ആനി പാലിയത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.