1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2015

സ്വന്തം ലേഖകന്‍: മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ ഈ മാസം 30 ന് തൂക്കിക്കൊല്ലും. വധശിക്ഷ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണിത്. മുംബൈ സ്‌ഫോടന പരമ്പര കേസിലെ ഒന്നാംപ്രതിയാണ് യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍. ഇതോടെ വധശിക്ഷ തടയാനുളള നിയമവഴികളെല്ലാം അവസാനിച്ചു. നാഗ്പൂര്‍ ജയിലില്‍ ഈമാസം 30 നു ശിക്ഷ നടപ്പാക്കാനാണ് ടാഡാ കോടതി നിര്‍ദേശം.

യാക്കൂബ് മേമന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജഡ്ജിമാരായ ടി.എസ്. ഠാക്കൂര്‍, അനില്‍ ആര്‍. ദവെ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ വച്ചാണു ഹര്‍ജി പരിഗണിച്ചത്. വധശിക്ഷ ജീവപര്യന്തം തടവാക്കണമെന്നും വധശിക്ഷ ശരിവച്ച വിധിയിലും പുനഃപരിശോധനാ ഹര്‍ജി തള്ളിയ ഉത്തരവിലും പിഴവുണ്ടെന്നും യാക്കൂബ് മേമന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. വധശിക്ഷ ഈമാസം 30നു നടപ്പാക്കുന്നതു സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങളൊന്നും പിഴവു തിരുത്തല്‍ ഹര്‍ജിയില്‍ ഉന്നയിക്കാന്‍ തക്കതല്ലെന്ന് ഹ്രസ്വമായ ഉത്തരവില്‍ ബെഞ്ച് വ്യക്തമാക്കി. ശിക്ഷ നടപ്പാക്കുന്നതിനു കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര സര്‍ക്കാര്‍ വാറന്റ് നല്‍കിയിരുന്നു. പിഴവു തിരുത്തല്‍ ഹര്‍ജിയില്‍ തീരുമാനമാകുംമുന്‍പേ സര്‍ക്കാര്‍ വാറന്റ് നല്‍കിയതിനെ രാജ്യസഭാംഗം മജീദ് മേമന്‍ ചോദ്യം ചെയ്തിരുന്നു. തൂക്കിലേറ്റപ്പെടുന്ന വ്യക്തിക്കു മാനസികമായി ഒരുങ്ങാനും മറ്റുമെന്നോണം, ശിക്ഷ നടപ്പാക്കുന്നതിന് 14 ദിവസം മുന്‍പെങ്കിലും വാറന്റ് നല്‍കണമെന്നാണു സുപ്രീം കോടതി കഴിഞ്ഞവര്‍ഷം നിര്‍ദേശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.