1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2018

സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുന്നു; ജനരോഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നേക്കാമെന്ന് ആശങ്ക. കഴിഞ്ഞ ദിവസവും മഞ്ഞക്കുപ്പായക്കാരായ പ്രതിഷേധക്കാര്‍ പാരീസില്‍ പ്രകടനം നടത്തി. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടങ്ങിയിട്ട് ഒരു മാസമാവുകയാണ്. ഇനിയും പ്രതിഷേധങ്ങള്‍ തണുത്തിട്ടില്ല, ഇന്നലെ തലസ്ഥാനമായ പാരീസില്‍ നടന്ന പ്രക്ഷോഭത്തില്‍ 4000 പേരാണ് പങ്കെടുത്തത്. ഗതാഗതം തടസപ്പെടുത്തിയും സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധം. ഫ്രാന്‍സില്‍ ആകെ 66000 പേരാണ് രംഗത്തിറങ്ങിയതെന്നാണ് ഔദ്യോഗിക കണക്ക്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നൂറിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാകുന്നത് കണക്കിലെടുത്ത് ഏകദേശം 8000 പൊലീസുകാരെയും 14 സൈനിക വാഹനങ്ങളും പാരീസില്‍ എത്തിച്ചിട്ടുണ്ട്. ആകെ 69000 പൊലീസുകാരാണ് നിലവില്‍ വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും കടുത്ത പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് അധികാരത്തിലെത്തിയ ശേഷം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കടന്നുപോകുന്നത്.

പെന്‍ഷന്‍കാര്‍ക്ക് നികുതിയിളവ് നല്‍കിയും മിനിമം വേതനം വര്‍ധിപ്പിച്ചും പ്രതിഷേധം തണുപ്പിക്കാന്‍ മാക്രോണ്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ക്രമേണ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കൂടി വ്യാപിക്കുന്ന സാഹചര്യമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.