1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തി തുടങ്ങി. യെമനില്‍നിന്ന് പുറത്തുകടന്ന ആദ്യസംഘത്തിലുണ്ടായിരുന്ന മൂന്നു മലയാളികള്‍ ഇന്ന് പുലര്‍ച്ചെ കേരളത്തിലെത്തി. ഒരാള്‍ തിരുവനന്തപുരം വിമാനത്താവളത്തിലും രണ്ടു പേര്‍ നെടുംബാശ്ശേരി വിമാനത്താവളത്തിലുമാണ് എത്തിയത്.

യെമനിലെ സ്ഥിതിഗതികള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും കലാപം രൂക്ഷമായ പ്രദേശങ്ങളിലുള്ള ആളുകളുടെ സുരക്ഷ ഭീഷണിയിലാണെന്നും യെമനില്‍നിന്ന് തിരികെ എത്തിയവര്‍ പറഞ്ഞു. യെമനില്‍ എംബസിയുടെ സഹായമുണ്ടായിരുന്നെങ്കിലും സ്വന്തം കൈയില്‍നിന്ന് പണം മുടക്കിയാണ് നാട്ടിലെത്തിയതെന്നും അവര്‍ പറഞ്ഞു. യെമന്‍ തലസ്ഥാനമായ സനയില്‍ ഉള്‍പ്പെടെ നിരവധി മലയാളികളും കുടുങ്ങി കിടപ്പുണ്ട്. ഇവരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്.

അവിടെ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ യാത്രാ രേഖകള്‍ ഉള്‍പ്പെടെ ആശുപത്രി അധികൃതര്‍ പിടിച്ചു വെയ്ക്കുന്ന സ്ഥിതിയുണ്ട്. മിക്ക ആളുകള്‍ക്കും മൂന്നു മാസത്തിലേറെയായി ശമ്പളം കിട്ടിയിട്ട്. നാട്ടില്‍ പോകാന്‍ പണമില്ല. ഇങ്ങനെയുള്ള ദുരിതപൂര്‍ണമായ അവസ്ഥയില്‍നില്‍ക്കുന്ന ആളുകളെ സഹായിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്ന് യെമനില്‍നിന്ന് മാധ്യമങ്ങളോട് സംസാരിച്ച നേഴ്‌സുമാര്‍ പറഞ്ഞു.

അതിനിടെ യെമനിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ടെന്നും പ്രവാസികാര്യത്തിന്റെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇന്ത്യ ഗവണ്‍മെന്റ് നയതന്ത്ര ഇടപെടീലുകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും മന്ത്രി പറഞ്ഞു. ശമ്പളക്കുടിശികയുള്ള നേഴ്‌സുമാരുടെ ശമ്പളം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ക്ക് നാട്ടിലെത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

യെമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായി രണ്ട് കപ്പലുകളും ഒരു വിമാനവും ഇന്ത്യ അയച്ചിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് രണ്ടായിരത്തില്‍ ഏറെ ആളുകളെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.