
സ്വന്തം ലേഖകൻ: യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പുതിയ 1000 ദിർഹം നോട്ടുകൾ തിങ്കളാഴ്ച മുതൽ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ലഭ്യമാകും. 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ കറൻസി നോട്ട് പുറത്തിറക്കിയത്. ബഹിരാകാശ ഗവേഷണം, ശുദ്ധ ഊർജം എന്നീ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടുംവിധമാണ് നോട്ട് രൂപകല്പന ചെയ്തിട്ടുള്ളത്.
യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദിനൊപ്പം ബറാഖ ആണവനിലയവും ചൊവ്വ ഗ്രഹ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബും നോട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ ബഹിരാകാശയാത്രികനെ സൂചിപ്പിക്കുന്ന ചിത്രവും ഇതിലുണ്ട്. 1976-ൽ നാസയിലെ വിദഗ്ധരുമായി ശൈഖ് സായിദ് നടത്തിയ കൂടിക്കാഴ്ചയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കറൻസി രൂപകല്പന ചെയ്തിട്ടുള്ളത്.
പുനരുപയോഗിക്കാവുന്ന പോളിമർ വസ്തു ഉപയോഗിച്ച് നിർമിച്ചതുകൊണ്ടുതന്നെ സാധാരണ കടലാസിനേക്കാളും കൂടുതൽ കാലം ഈടുനിൽക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തവിട്ടുനിറമുള്ള പുതിയ നോട്ടിൽ കള്ളനോട്ടിനെ ചെറുക്കാനായി അത്യാധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടുണ്ട്.
കാഴ്ച വൈകല്യമുള്ളവർക്ക് നോട്ടിന്റെ മൂല്യം മനസ്സിലാക്കുന്നതിനായി ബ്രെയിൽ ലിപിയിലും അക്കങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല