1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2023

സ്വന്തം ലേഖകൻ: അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്‌റൈനും തമ്മിലെ പിണക്കം തീരുന്നതായി സൂചന. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ബഹ്റൈന്‍ കിരീടാവകാശി ഖത്തര്‍ അമീറുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ബഹ്റൈന്‍ ന്യൂസ് എജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരേ ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം അവസാനിച്ച് രണ്ടു വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളിലുള്ള പിണക്കങ്ങള്‍ മാറുന്നതിന്‍റെ സൂചനകള്‍ പുറത്തുവരുന്നത്. ഉപരോധത്തിനു ശേഷം ബഹ്‌റൈന്‍ കിരീടാവകാശിയും ഖത്തര്‍ അമീറും സംസാരിക്കുന്നത് ഇതാദ്യമായാണ്.

ബഹ്‌റൈനു പുറമെ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ 2017 പകുതിയോടെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം 2021 ജനുവരിയില്‍ അവസാനിച്ചിരുന്നു. സൗദിയിലെ അല്‍ ഉലായില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുകയും തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കാന്‍ ജിസിസി രാജ്യങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു. അതിനു ശേഷം ആദ്യം സൗദിയുമായും പിന്നീട് ഈജിപ്തുമായും അവസാനമായി യുഎഇയുമായും ഖത്തര്‍ ഊഷ്മളമായ ബന്ധം വീണ്ടെടുത്തെങ്കിലും ബഹ്‌റൈന്‍റെ കാര്യത്തില്‍ അതുണ്ടായില്ല.

ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും തര്‍ക്കങ്ങളും ആരോപണങ്ങളും ഇടയ്ക്കിടെ മറനീക്കി പുറത്തുവന്നുകൊണ്ടിരുന്നതിനാല്‍ പ്രശ്‌ന പരിഹാരം അത്ര എളുപ്പവുമായിരുന്നില്ല. അതിനിടെ, ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളിയപ്പോള്‍ പോലും ആ ബന്ധം മോശമായി തന്നെ തുടരുകയായിരുന്നു.

ദോഹയ്ക്കും മനാമയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഇരു രാജ്യങ്ങളുടെയും എംബസികളും അടച്ചിട്ടിരിക്കുകയാണ്. ഖത്തറിലെ ലോകകപ്പ് ലോകത്തെ മുഴുവന്‍, പ്രത്യേകിച്ച് മേഖലയെ ഒട്ടാകെ ഒന്നിപ്പിക്കാനുള്ള അവസരമായി പരക്കെ വീക്ഷിക്കപ്പെട്ടപ്പോള്‍, ബഹ്റൈന്‍ അധികൃതര്‍ ടൂര്‍ണമെന്‍റില്‍ നിന്ന് വിട്ടുനിന്നത് അനുരഞ്ജന സാധ്യത വീണ്ടും മങ്ങാന്‍ കാരണമായിരുന്നു.

എന്നാല്‍ കഴിഞ്ഞയാഴ്ച അബുദാബിയില്‍ നടന്ന ജിസിസി രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിനിടെ, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കം സാധ്യമാക്കുന്നതിന്‍റെ ആദ്യ സൂചനകള്‍ നല്‍കിയതായി അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തി.

അബുദാബിയില്‍ വച്ചുണ്ടായ കൂടിക്കാഴ്ചയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഫോണില്‍ വിളിച്ച് സൗഹൃ സംഭാഷണങ്ങള്‍ നടത്തുകയും സൗഹൃദം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും ചെയ്തത്.

സംഭാഷണത്തില്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞുവെന്ന് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൊതു ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയം തുടരാനും ചര്‍ച്ചയില്‍ ധാരണയിലെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.