1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2022

സ്വന്തം ലേഖകൻ: ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ബഹ്‌റൈനിലെ പൗരന്മാർക്കും പ്രവാസികൾക്കും തങ്ങളുടെ മെഡിക്കൽ വിവരങ്ങൾ അടങ്ങിയ ചിപ്പ് അധിഷ്ഠിത ആരോഗ്യ കാർഡ് വൈകാതെ ലഭ്യമാക്കുമെന്ന് ആരോഗ്യകാര്യ സുപ്രീം കൗൺസിൽ (എസ്‌.സി.എച്ച്) അറിയിച്ചു. ഘട്ടംഘട്ടമായി ഗോൾഡൻ ‘സെഹാതി’ കാർഡ് അവതരിപ്പിക്കുന്നതോടെ സർക്കാർ ആശുപത്രികളിലെ ആരോഗ്യ സംബന്ധമായ രേഖകൾ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും തടസ്സമില്ലാതെ ലഭിക്കാൻ വഴിയൊരുങ്ങും.

നിലവിൽ മുഹറഖ് ഗവർണറേറ്റിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ കാർഡ് സംവിധാനം നടപ്പാക്കുന്നുണ്ട്. മറ്റ് ഗവർണറേറ്റുകളിലും ആരംഭിക്കുന്നതിന് മുമ്പ് മുഹറഖിലെ മൂന്ന് ഹെൽത്ത് സെന്‍ററുകളിൽ കൂടി ഇത് നടപ്പാക്കുമെന്ന് എസ്.സി.എച്ച് അറിയിച്ചു.

രോഗിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു പുറമേ, എല്ലാ പ്രാഥമിക ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നതാണ് സേഹാതി കാർഡ്. രോഗികളുടെ ചികിത്സാ സംബന്ധമായ രേഖകൾ പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ പരസ്പരം കൈമാറുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കാർഡിൽ രോഗിയുടെ മെഡിക്കൽ ചരിത്രം, പരിശോധനാ ഫലങ്ങൾ, രോഗനിർണയം, ഡോക്ടറുടെ കുറിപ്പടി വിശദാംശങ്ങൾ എന്നിവയുണ്ടാകും. എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന ചികിത്സാ വിവരങ്ങൾ ഡോക്ടർമാർക്ക് മാത്രമാണ് വായിക്കാൻ കഴിയുക.

ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ‘നിങ്ങളുടെ ഡോക്ടറെ തെരഞ്ഞെടുക്കൂ’ എന്ന സംവിധാനത്തിെന്‍റ ഭാഗമായാണ് ‘സേഹാതി’ ഹെൽത്ത് കാർഡ് ആരംഭിച്ചിരിക്കുന്നത്. ഇതുവഴി രോഗികൾക്ക് അവരുടെ ഡോക്ടറെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. രോഗികൾക്ക് പ്രാഥമിക പരിചരണ ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം മുഹറഖിൽ ഇപ്പോൾതന്നെ ലഭ്യമാണ്. ‘സേഹാതി’ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, മത്സരക്ഷമത വർധിപ്പിക്കുമെന്നും സ്വകാര്യ ആരോഗ്യമേഖലക്ക് പ്രോത്സാഹനമാകുമെന്നും മുതിർന്ന ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഇതുവഴി സ്വകാര്യ ആശുപത്രികളിൽ രോഗികൾ കൂടുതലായി എത്താനും സാധ്യതയുണ്ട്.

നിലവിൽ ബഹ്‌റൈനിലെ എല്ലാ പൗരന്മാർക്കും സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നുണ്ട്. അതേസമയം, സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന പ്രവാസികളിൽനിന്ന് ചെറിയ തുക ഈടാക്കുന്നുണ്ട്. സേഹാതി ആരംഭിക്കുന്നതോടെ പൗരന്മാർക്കും പ്രവാസികൾക്കും രണ്ടു തരത്തിലുള്ള ആരോഗ്യ പരിരക്ഷകളിൽ ഒന്ന് തെരഞ്ഞെടുക്കാം. സർക്കാറിന് കീഴിലെ പ്രാഥമിക, സെക്കൻഡറി ആരോഗ്യ പരിരക്ഷ സേവനങ്ങൾ സൗജന്യമായി നൽകുന്ന സ്റ്റാൻഡേർഡ് ഇൻഷുറൻസ്, ഏകദേശം 40 ശതമാനം തുക സർക്കാർ അടച്ച് സ്വകാര്യ മേഖലയിൽ ചികിത്സ നേടുന്നതിനുള്ള പ്രീമിയം ഓപ്ഷൻ എന്നിവയിലൊന്നാണ് തെരഞ്ഞെടുക്കാൻ കഴിയുക.

പ്രാഥമിക ആരോഗ്യ സംരക്ഷണം, ലബോറട്ടറി, റേഡിയോളജി, ഓപറേഷൻ, മെറ്റേണിറ്റി, ദന്തപരിചരണം, മാനസികാരോഗ്യം, ഫിസിയോതെറപ്പി, നഴ്‌സിങ്, മരുന്ന്, ദീർഘകാലാടിസ്ഥാനത്തിലുള്ള താമസവും പുനരധിവാസവും എന്നിവ പൗരന്മാർക്കുള്ള നിർബന്ധിത കവറേജിൽ ഉൾപ്പെടുന്നവയാണ്. ആവശ്യകതകൾക്കനുസരിച്ച് മെഡിക്കൽ പ്ലാസ്റ്റിക് സർജറി, ഐ.വി.എഫ്, പൊണ്ണത്തടി ചികിത്സകളും ആംബുലൻസ് സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പ്രവാസികൾക്കുള്ള നിർബന്ധിത കവറേജിൽ പ്രാഥമിക, സെക്കൻഡറി ആരോഗ്യ സേവനങ്ങളും അത്യാഹിതങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോഴുള്ള ചികിത്സകളും ഉൾപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.