1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2022

സ്വന്തം ലേഖകൻ: സ്മാർട്ട് സി.പി.ആർ കാർഡ് ഉപയോഗിച്ച് പ്രവാസികൾക്ക് ബഹ്റൈനിലേക്ക് വരാനും പുറത്തേക്ക് പോകാനും അവസരമൊരുങ്ങുന്നു. ഇതിനുള്ള ശിപാർശ അധികൃതരുടെ പരിഗണനയിലാണെന്ന് പാർലമെന്‍റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാസമിതി അധ്യക്ഷൻ മുഹമ്മദ് അൽ സീസി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പാർലമെന്‍റും ശൂറ കൗൺസിലും നിർദേശത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. 1975ലെ പാസ്പോർട്ട് നിയമം ഭേദഗതി ചെയ്ത് രാജകീയ ഉത്തരവിറങ്ങുകയും ചെയ്തു.ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. നിലവിൽ ബഹ്റൈനികൾക്കും ജി.സി.സി പൗരൻമാർക്കും പാസ്പോർട്ടില്ലാതെ തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് അംഗരാജ്യങ്ങളിൽ യാത്രചെയ്യാൻ സാധിക്കും.

ഇവർക്ക് ഇലക്ട്രോണിക് ഗേറ്റ് വഴിയും സാധാരണ കൗണ്ടർ വഴിയും പാസ്പോർട്ടില്ലാതെ കടന്നുപോകാൻ സാധിക്കും. കോവിഡ് കാലത്ത് പാസ്പോർട്ട് വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. ഭാവിയിൽ എല്ലാവർക്കും ബാധകമായ ബയോമെട്രിക് സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തുമെന്നും മുഹമ്മദ് അൽ സീസി പറഞ്ഞു.

ബഹ്റൈൻ വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റ് വഴി സി.പി.ആർ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാൻ കഴിയുന്ന സൗകര്യം ഇനിമുതൽ പ്രവാസികൾക്കും ലഭിക്കാൻ വഴിയൊരുക്കുന്നതാണ് നിയമ ഭേദഗതി. അറൈവൽ ടെർമിനലിൽ 10 ഇലക്ട്രോണിക് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഡിപ്പാർച്ചർ ടെർമിനലിൽ ഇക്കണോമി ടിക്കറ്റുകാർക്ക് എട്ടും ഗൾഫ് എയർ ബിസിനസ് ക്ലാസ് ടിക്കറ്റുകാർക്ക് രണ്ടും മറ്റ് എയർലൈൻസ് ബിസിനസ് ക്ലാസുകാർക്ക് രണ്ടും ഇ-ഗേറ്റുകളുണ്ട്. ബോർഡിങ് പാസ് കൗണ്ടറും ഇ-ഗേറ്റും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ, സി.പി.ആർ ഉപയോഗിച്ച് ബോർഡിങ് പാസ് എടുക്കുന്നവർക്ക് നേരിട്ട് ഇ-ഗേറ്റ് വഴി പോകാൻ സാധിക്കും.

അതേസമയം, ഇന്ത്യ ഉൾപ്പെടെ ബഹ്റൈന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസിക്ക് ബഹ്റൈൻ വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയിൽ സമയം ലാഭിക്കാം എന്നത് മാത്രമാണ് ഇതിന്റെ മെച്ചം. വിദേശത്തെ വിമാനത്താവളത്തിലും ബഹ്റൈൻ വിമാനത്താവളത്തിൽ ബോർഡിങ് പാസ് ലഭിക്കുന്നതിനും പാസ്പോർട്ട് കാണിക്കണം. അതിനാൽ, യാത്രചെയ്യുമ്പോൾ പാസ്പോർട്ട് കൈവശം ഉണ്ടാകണമെന്നത് നിർബന്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.