1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2021

സ്വന്തം ലേഖകൻ: അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളി ചൈനയില്‍ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടിയിലെത്തും. ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത സമാനതകളില്ലാത്ത വേഗത്തിലാണ് ചൈനയിലെ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച വരെ ചൈന 945 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തു. ഇത് അമേരിക്കയില്‍ വിതരണം ചെയ്തതിന്റെ മൂന്നിരട്ടിയാണ്. ആഗോള തലത്തില്‍ 250 കോടിയോളം ഡോസുകളാണ് ഇതുവരെ കുത്തിവെച്ചത്. ഇതില്‍ 40 ശതമാനവും ചൈനയിലാണ്.

തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ചൈനയിലെ വാക്‌സിനേഷന്‍ അതിവേഗത്തിലാണ് 100 കോടിയിലേക്കെത്താന്‍ പോകുന്നത്. മാര്‍ച്ച് 27-ന് ചൈനയില്‍ 10 ലക്ഷം പേര്‍ക്ക് മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നത്. എന്നാല്‍ മെയ് മാസത്തോടെ വാക്‌സിനേഷന്റെ വേഗത ഗണ്യമായി ഉയര്‍ന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 50 കോടിയോളം ഡോസുകളാണ് വിതരണം ചെയ്തതെന്നാണ് ചൈനീസ് ആരോഗ്യ കമ്മീഷന്റെ രേഖകള്‍ പറയുന്നത്. ചൊവ്വാഴ്ച മാത്രം 20 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ നിരക്കില്‍ പോകുകയാണെങ്കില്‍ ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ 100 കോടി ഡോസെന്നത് കവിയാന്‍ സാധ്യതയുണ്ട്.

ചൈനയിലെ 140 കോടിയോളം വരുന്ന ജനങ്ങള്‍ വാക്‌സിനേറ്റഡാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതിയെന്നാണ് കണക്കുകള്‍ പറയുന്നത്. വൈറസിന്റെ വ്യാപനം കുറഞ്ഞതോടെയാണ് തുടക്കത്തില്‍ ആളുകള്‍ വാക്‌സിനേഷന്‍ മടി കാണിച്ചത്. എന്നാല്‍ വടക്കന്‍ അന്‍ഹുയി, ലിയാനിങ് പ്രവശ്യകളിലും തെക്ക് ഗുവാങ്‌ഡോങിലും അടുത്തിടെയുണ്ടായ അപകടരമായ രീതിയിലുള്ള വ്യാപനം ആളുകളെ വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിച്ചു.

വാക്‌സിനേഷന് മടികാണിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ പതിവു പോലെ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകാതിരിക്കാൻ ചൈന പ്രത്യേകം ശ്രദ്ധിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.