1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2022

സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സംഘടനയുടെ 27–ാമതു‌ കാലാവസ്ഥ വാർഷിക ഉച്ചകോടി (സിഒപി 27) ഇന്നു മുതൽ 18 വരെ ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കും. യു എസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക് അടക്കം നൂറ്റിയിരുപതിലേറെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ത്യയുടെ പ്രതിനിധിസംഘത്തെ നയിക്കും.

കാലാവസ്ഥ വ്യതിയാനം തടയാനുള്ള ആഗോളപദ്ധതികൾ ഊർജിതമാക്കുകയാണു ഉച്ചകോടിയുടെ ലക്ഷ്യം. കൽക്കരിയും വനനശീകരണവും ആയിരുന്നു കഴിഞ്ഞ വർഷം നടന്ന ഗ്ലാസ്ഗോ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങൾ.100 രാജ്യങ്ങൾ കാർബൺ ബഹിർഗമനം 2030ന് അകം 30% കുറയ്ക്കുമെന്ന ഉടമ്പടിയിൽ ഒപ്പുവച്ചു.

100 രാജ്യങ്ങൾ വനനശീകരണം തടയാനുള്ള ഉടമ്പടിയിലും ഒപ്പുവച്ചു. എന്നാൽ, യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ ഊർജപ്രതിസന്ധി പരമ്പരാഗത ഊർജ സ്രോതസ്സുകളുടെ ഉപയോഗം പടിപടിയായി കുറയ്ക്കുമെന്ന മുൻ പ്രഖ്യാപനത്തിൽനിന്നു പിന്നാക്കം പോകുന്നതിനു കാരണമായിട്ടുണ്ട്. കൽക്കരി ഉപയോഗം 2013 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ എന്നാണു പഠനം വ്യക്തമാക്കുന്നത്.

വികസ്വര രാജ്യങ്ങൾക്കുവേണ്ടിയുള്ള കാലാവസ്ഥ ധനസഹായം സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യത്തിലാണ് ഇന്ത്യയുടെ ഊന്നൽ. ആഗോളതാപനം കുറയ്ക്കുന്നതിനുള്ള നടപടികൾക്കു വികസിത രാജ്യങ്ങൾ നൽകാമെന്നേറ്റ ധനസഹായം ഉറപ്പുവരുത്താനും ഇതു സംബന്ധിച്ച വ്യവസ്ഥകളിൽ വ്യക്തത വരുത്താനും ഇന്ത്യ ആവശ്യപ്പെടുന്നു.

2009ൽ വികസിത രാജ്യങ്ങൾ 10,000 കോടി ഡോളർ വികസ്വര രാജ്യങ്ങൾക്കു വാഗ്ദാനം ചെയ്തിരുന്നു. 2020 ആകുമ്പോഴേക്കും ഈ പണം നൽകുമെന്നായിരുന്നു വ്യവസ്ഥയെങ്കിലും പാലിക്കപ്പെട്ടില്ല. യുഎസിലെ ഫോസിൽ ഇന്ധന ആളോഹരി ഉപയോഗം ഇന്ത്യയുടെ പത്തിരട്ടിയിലേറെയാണെന്നതും ആയതിനാൽ പരമ്പരാഗത ഊർജസ്രോതസ്സുകൾ ഉപേക്ഷിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾക്ക് ഒരേ മാനദണ്ഡം പാടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ഗ്ലാസ്ഗോ ഉച്ചകോടിയിൽ (സിഒപി 26) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അഞ്ചിന പ്രതിജ്ഞ അവതരിപ്പിച്ചിരുന്നു. 2030ന് അകം ഇന്ത്യയുടെ ഊർജസ്രോതസ്സുകളിൽ പകുതിയോളം പുനരുപയോഗ ഊർജസ്രോതസ്സുകളാക്കി മാറ്റും എന്നതടക്കമുള്ള ഈ ദൗത്യത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗത്തിനുള്ള ഒട്ടേറെ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കഴിഞ്ഞ ജൂലൈയിൽ ഇന്ത്യ നിരോധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.