1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതർ 65 ലക്ഷത്തിലേക്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 6,405,681 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ 378,181 ആളുകൾ മരിച്ചു. 2,933,422 പേര്‍ രോഗമുക്തി നേടി. 30.30 ലക്ഷം പേര്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. എന്നാൽ 53,402 പേരുടെ നില അതീവ ഗുരുതരമാണ്.

യുഎസ്സില്‍ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1,861,474 ആയി. 106,990 പേരാണ് ഇതുവരെ യുഎസ്സില്‍ മരണപ്പെട്ടത്. ബ്രസീലില്‍ 5.29 ലക്ഷം പേരെ ഇതു വരെ രോഗം ബാധിച്ചു. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധിതരുള്ള രാജ്യം ബ്രസീലാണ്. 30,046 പേരാണ് ഇതുവരെ ബ്രസീലില്‍ മരണപ്പെട്ടത്.

കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ബ്രസീലില്‍ പുതുതായി സ്ഥിരീകരിച്ചത് 14,556 കേസുകളാണ്. അമേരിക്കയില്‍ 22,153 കേസുകളും. ആകെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്ത് ഏഴാം സ്ഥാനത്തായി.

കോംഗോയില്‍ പടര്‍ന്ന് കയറി എബോള

ലോകം കൊറോണവൈറസിന് മുന്നില്‍ അടിപതറി നില്‍ക്കുമ്പോള്‍ മറ്റൊരു മഹാമാരി കൂടി പടര്‍ന്ന് കയറുന്നു. കോംഗോയില്‍ എബോള വൈറസ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മൂന്നാമത്തെ ദുരന്തമാണ് അവര്‍ നേരിടുന്നത്. അഞ്ചാംപനിയുടെയും കൊറോണവൈറസിന്റെയും ഭീതിയിലാണ് കോംഗോ ജനത.

ഇതിനെ രണ്ടിനെയും നേരിടാനാവാകാതെ നില്‍ക്കുന്ന സമയത്താണ് എബോള തിരിച്ചെത്തിയിരിക്കുന്നത്. നാല് പേര്‍ എബോള ബാധിച്ച് മരിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടിലധികം പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. കോംഗോയുടെ പടിഞ്ഞാറൻ പ്രവിശ്യയായ എംബാന്‍ഡാക്കയിലാണ് സ്ഥിതി കൂടുതൽ വഷളായിരിക്കുന്നത്.

സര്‍ക്കാര്‍ കണക്കുകളില്‍ ഇതുവരെ എംബാന്‍ഡാക്കയിലെ മരണം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ യൂനിസെഫ് രേഖകളില്‍ ഈ മരണം ഉറപ്പിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയെ എബോള മുക്തമായി പ്രഖ്യാപിക്കാനിരുന്നതാണ് കോംഗോ.

രണ്ട് വര്‍ഷത്തോളം ഇവിടെ നിന്ന് ഈ രോഗത്തെ തുടച്ചുമാറ്റാനായിരുന്നില്ല. 2275ലധികം പേരാണ് എബോള ബാധിച്ച് മരിച്ച് വീണത്. പ്രതിരോധ പ്രവര്‍ത്തനം വിജയിച്ചെന്ന് കരുതിയ സമയത്താണ്, രണ്ട് ദിവസം മുമ്പ് വീണ്ടും എബോള എത്തിയിരിക്കുന്നത്. അതേസമയം ഇത് രണ്ടാം വരവാണെന്ന് കോംഗോ പ്രഖ്യാപിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.