1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2020

സ്വന്തം ലേഖകൻ: ഇന്ന് കേരളത്തിൽ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തിൽ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു. പടരുകയാണ് ആശങ്ക.

31 പേർ വിദേശത്ത് നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി. മൂന്ന് പേർക്ക് നെഗറ്റീവായി. ഒരു മരണം കൂടിയുണ്ടായി. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട അദ്ദേഹവും കുടുംബവും 22 ന് രാജസ്ഥാനിൽ നിന്നുള്ള ട്രെയിനിൽ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തിയതാണ്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10 മലപ്പുറം എട്ട്, തിരുവനന്തപുരം, തൃശ്ശൂർ ഏഴ്, കോഴിക്കോട് ആറ്.

പോസിറ്റീവായവരിൽ 31 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 526 പേർ നിലവിൽ ചികിത്സയിലാണ്. 1,15,297 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,14,305 പേർ വീടുകളിലോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലോ ആണ്.

210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകൾ പരിശോധിച്ചതിൽ 58,460 എണ്ണം നെഗറ്റീവായി. മുൻഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകൾ ശേഖരിച്ചതിൽ 9217 എണ്ണം നെഗറ്റീവാണ്. ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. പുതുതായി ആറ് ഹോട്ട്സ്പോട്ട്. കാസർകോട് മൂന്നും പാലക്കാട് രണ്ടും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും.

ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേ‍ർ. തൊട്ടുപിന്നിൽ കണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്.

ഫീസ് വർധിപ്പിക്കരുത്

കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തിൽ സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധന ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

ബെവ് ക്യൂ ആപ്പിലെ ആശങ്ക തീരും

ആദ്യ ദിവസത്തെ പ്രശ്‌നങ്ങൾ പരിഹരിച്ച് ‘ബെവ് ക്യൂ’ ആപ്പ് സർവ സജ്ജമാകുമെന്ന് മുഖ്യമന്ത്രി. കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് മദ്യവിൽപ്പന പുനരാരംഭിച്ചിരിക്കുന്നത്. ബെവ് ക്യൂ ആപ്പിലെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് എക്‌സെെസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ദിനത്തിൽ 2,25,000 പേരാണ് ഇ-ടോക്കൺ സ്വന്തമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ വ്യാപനം ഇതുവരെ ഇല്ല

കേരളത്തിൽ ഇതുവരെ സാമൂഹ്യവ്യാപനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. സാമൂഹ്യവ്യാപനം ഉണ്ടാകില്ലെന്ന് പറയാൻ സാധിക്കില്ല. ജാഗ്രത വേണം. ഇതുവരെ സാമൂഹ്യവ്യാപനമുണ്ടായിട്ടില്ലെന്നാണ് ടെസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിശോധന വർധിപ്പിക്കും

കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആലപ്പുഴയിൽ മാത്രമാണ് സ്രവ പരിശോധനാ സൗകര്യം ഉണ്ടായിരുന്നത്. ഇപ്പോൾ 15 സർക്കാർ സ്ഥാപനത്തിൽ പരിശോധന തുടങ്ങി. ആദ്യ ഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറിൽ നിന്ന് ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഐസിഎംആർ നിർദേശ പ്രകാരമുള്ള ടെസ്റ്റിന് കുറവുണ്ടായിരുന്നില്ല.

പുറത്ത് നിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ ടെസ്റ്റ് വർധിപ്പിച്ചു. ദിവസം മൂവായിരം ടെസ്റ്റ് ഇനി ചെയ്യും. ടെസ്റ്റിന് സാധാരണ പാലിക്കേണ്ട മാനദണ്ഡം പാലിക്കുന്നുണ്ട്. ഐസിഎംആറിന്റെ കൃത്യമായ നിർദ്ദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലദോഷപ്പനിയുള്ളവരേയും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണക്കുകൾ പൂഴ്‌ത്തിവച്ചിട്ടില്ല

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പൂഴ്‌ത്തിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. കണക്കുകൾ പൂഴ്‌ത്തിവച്ചതിനു കേന്ദ്രം ചില സംസ്ഥാനങ്ങളെ വിമർശിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എന്തായാലും കേരളമില്ല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ കുറിച്ച് കേന്ദ്രത്തിനു നല്ല കാര്യങ്ങൾ മാത്രമേ പറയാനൂള്ളൂ.

സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറവാണെന്നും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനതോത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ താഴെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്‌ച പൊതുശുചീകരണ ദിവസം

ഞായറാഴ്‌ച വീടും പരിസരവും ശുചിയാക്കാൻ എല്ലാവരും അണിനിരക്കണം. കൂടുതൽ വിപുലമായി നടത്താനാവണം. മഴക്കാലമാകുമ്പോൾ പകർച്ചവ്യാധികൾക്ക് സാധ്യതയുണ്ട്. മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണം നടക്കുമെന്നും മുഖ്യമന്ത്രി.

സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കും

സാധാരണയേക്കാൾ കൂടുതൽ മഴ ഇത്തവണ സംസ്ഥാനത്ത് ലഭിക്കുമെന്ന് മുഖ്യമന്ത്രി. ജൂൺ ആദ്യവാരം തന്നെ മൺസൂൺ ആരംഭിക്കും. കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.

പ്രവാസികളുടെ ചെലവ്

സംസ്ഥാനത്ത് എത്തുന്ന പ്രവാസികളുടെ ചെലവ് വഹിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ഉത്തരവ് ഇറങ്ങുന്നതുവരെ എല്ലാ പ്രവാസികളുടെയും ചെലവ് സർക്കാർ തന്നെയാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.