1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2022

സ്വന്തം ലേഖകൻ: ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്റെ പാര്‍ട്ടി വീഡിയോ വിവാദവും പിന്നാലെ നടത്തിയ ഡ്രഗ് ടെസ്റ്റിന്റെ ഫലം നെഗറ്റീവായി വന്നതും വലിയ വാര്‍ത്തയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ സ്വകാര്യ വസതിയില്‍ പാര്‍ട്ടി നടത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഒരു വിഭാഗം ആളുകള്‍ സന്ന മരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശകരുമടക്കം ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി ഡ്രഗ് ടെസ്റ്റിന് വിധേയയായത്. പരിശോധനാ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളോട് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് സന്ന മരിന്‍.

തന്റെ അവകാശമായ സ്വകാര്യ ജീവിതത്തിലേക്ക് ആളുകള്‍ കടന്നുകയറുന്നതിനെക്കുറിച്ചും ജോലിയിലെ തന്റെ ആത്മാര്‍ത്ഥതയെക്കുറിച്ചുമാണ് നേരിട്ടും അല്ലാതെയും സന്ന മരിന്‍ പരാമര്‍ശിക്കുന്നത്.

“ഞാനൊരു മനുഷ്യനാണ്. ഈ ഇരുണ്ട സാഹചര്യങ്ങള്‍ക്കിടയില്‍ കുറച്ച് സന്തോഷത്തിനും വെളിച്ചത്തിനും വിനോദത്തിനും വേണ്ടി ഞാനും പലപ്പോഴും ആഗ്രഹിക്കാറുണ്ട്,“ ഫിന്‍ലാന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയിലെ ലാഹ്തി സിറ്റിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എസ്.ഡി.പി) പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സന്ന മരിന്‍ പറഞ്ഞു.

“ഇത് തീര്‍ത്തും സ്വകാര്യമായ കാര്യമാണ്, സന്തോഷമാണ്, ജീവിതമാണ്. പക്ഷെ എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു ദിവസം പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച എന്റെ ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഒഴിവുസമയങ്ങളില്‍ നമ്മള്‍ എന്താണ് ചെയ്യുന്നത് എന്നതിനേക്കാള്‍ ജോലി സമയത്ത് നമ്മള്‍ എന്താണ് ചെയ്യുന്നത് എന്ന് ആളുകള്‍ നോക്കുമെന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,“ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.