1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2024

സ്വന്തം ലേഖകൻ: ഗ്രാജുവേറ്റ് വീസ റൂട്ട് വിദേശ പൗരന്‍മാര്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാനായി ഗ്രാജുവേറ്റ് വീസകള്‍ മുന്‍നിര കോഴ്‌സുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ പ്രധാനമന്ത്രി റിഷി സുനാകിന്റെ ശ്രമം. നിലവാരം കുറഞ്ഞ പിജി കോഴ്‌സുകള്‍ പഠിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് കൊണ്ടുവരാനാണു ശ്രമം.

സ്റ്റുഡന്റ് വീസ നേരിട്ട് കുറയ്ക്കുന്നത് യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് സാമ്പത്തിക തിരിച്ചടി നല്‍കുമെന്ന ആശങ്കയുണ്ട്. ഈ ഘട്ടത്തിലാണ് മറ്റ് വഴികള്‍ ആലോചിക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാകുന്നത്. ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിലവാരത്തിലുള്ള പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകള്‍ പഠിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് പുതിയ നീക്കം.

വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി യൂണിവേഴ്‌സിറ്റികള്‍ റിക്രൂട്ട്‌മെന്റ് ഏജന്റുമാരെ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. ഗ്രാജുവേറ്റ് വീസകള്‍ മുന്‍നിര കോഴ്‌സുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സുനാകിന്റെ ശ്രമം. ഈയാഴ്ച നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് നടപടികള്‍.

മുന്‍ റെക്കോര്‍ഡുകളില്‍ നിന്നും കണക്കുകള്‍ താഴുമെങ്കിലും 2019 തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്ത നിരക്കില്‍ നിന്നും ഇത് ഇപ്പോഴും ഏറെ അകലെയാകും. ഗ്രാജുവേറ്റ് സ്‌കീമില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയോ ചെയ്യാനാണ് ഡൗണിംഗ് സ്ട്രീറ്റ് ആലോചിക്കുന്നത്. യുകെയിലേക്കുള്ള പിന്‍വാതിലാണ് ഈ വീസയെന്നാണ് ആരോപണം.

യുകെയില്‍ പഠനം കഴിഞ്ഞ് രണ്ട് വര്‍ഷം ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വീസ ലഭിക്കാനായി പണം നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരം കുറഞ്ഞ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകള്‍ ലഭ്യമാക്കുകയാണ് ചില യൂണിവേഴ്‌സിറ്റികള്‍ ചെയ്യുന്നതെന്നാണ് സുനാക് ആശങ്കപ്പെടുന്നത്. അതേസമയം വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത് ഗവണ്‍മെന്റിനുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ത്തുകയാണ്. വിദ്യാര്‍ത്ഥികളെ ഇനിയും കുറയ്‌ക്കേണ്ടതില്ലെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇത്തരമൊരു നീക്കം നടന്നാല്‍ അത് ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മോശമായി ബാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ഥാപനങ്ങളെ മാത്രമല്ല പ്രാദേശിക സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും, വിദേശത്ത് നിന്നും കഴിവുറ്റവരെ ആകര്‍ഷിക്കാന്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിസിമാര്‍ പറയുന്നു. എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയന്‍ കീഗന്‍, ചാന്‍സലര്‍ ജെറമി ഹണ്ട്, ഫോറിന്‍ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ എന്നീ പ്രമുഖര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.