1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2023

സ്വന്തം ലേഖകൻ: ആഗോളതലത്തിൽ മാർബർഗ് വൈറസ് പടർന്നുപിടിച്ചതോടെ അതീവജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ഗൾഫ് നാടുകൾ. യുഎഇ, സൗദി അറേബ്യ എന്നിവയ്ക്ക് പിന്നാലെ ബുധനാഴ്ച ഖത്തർ ആരോഗ്യമന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് വ്യക്തമാക്കി. വൈറസ്ബാധ സംബന്ധിച്ച് പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായി സഹകരിച്ചുകൊണ്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ ഒഴികെയുള്ള ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഖത്തർ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. മാറ്റിവെക്കാനാകാത്ത കാരണങ്ങളാൽ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ, ഇരു രാജ്യങ്ങളിലെയും പ്രാദേശിക ആരോഗ്യ അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഖത്തറിലെത്തുന്ന യാത്രികർ, 21 ദിവസം വരെ നിരീക്ഷണത്തിൽ കഴിയണം.

ഇവർ പനി, തലവേദന, പേശിവേദന, വയറിളക്കം, ഛർദി, തൊലിപ്പുറത്തെ തടിപ്പ് മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന അവസരത്തിൽ സ്വയം ഐസൊലേഷനിൽ തുടരണമെന്നും, 16000 എന്ന നമ്പറിൽ രോഗവിവരം ധരിപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം യുഎഇ യും സമാനനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇക്വിറ്റോറിയൽ ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചവർ തിരിച്ചെത്തിയാൽ ഐസൊലേഷനിൽ പോകണമെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. യാത്രയുടെ വിശദാംശങ്ങൾ മെഡിക്കൽ ഉദ്യോഗസ്ഥരെ അറിയിക്കണം. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർ വൈദ്യസഹായം തേടുകയും വേണം.

ആരോഗ്യ അതോറിറ്റി നൽകുന്ന പ്രതിരോധ നടപടികൾ കൃത്യമായി പാലിക്കണം. അത്യാവശ്യമില്ലെങ്കിൽ ഇവിടങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും യുഎഇ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സൗദി ആരോഗ്യമന്ത്രാലയവും അതീവ സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും പ്രാദേശിക അധികൃതർ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കാൻ സൗദി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967-ല്‍ ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി, ബെല്‍ഗ്രേഡ്, സെര്‍ബിയ എന്നിവിടങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഴംതീനി വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്.

വവ്വാലില്‍ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാല്‍ അയാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുതഗതിയിലായിരിക്കും. രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും. ഈ സ്രവങ്ങള്‍ പടര്‍ന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം. രോ​ഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുകയാണ് രോ​ഗപ്രതിരോധത്തിനുള്ള മാർ​ഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.