1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2022

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള ഇ-വീസ (ഇലക്ട്രോണിക് വീസ) പുനഃസ്ഥാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതും ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതുമായ തീരുമാനമാണിത്. ബ്രിട്ടീഷ് സർക്കാരിന്റെയും ഇന്ത്യൻ ടൂറിസം സെക്ടറിന്റെയും ഏറെക്കാലമായുള്ള സമ്മർദങ്ങൾക്ക് ഒടുവിലാണു നിർണാകയമായ തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

വീസ സെന്ററികളിൽ നേരിട്ട് ഹാജരാകാതെയും അപ്പോയിന്റ്മെന്റിനായി ആഴ്ചകളും മാസങ്ങളും കാത്തിരിക്കാതെയും ഓൺലൈനായി അപേക്ഷിച്ചാലുടൻ ഇലക്ട്രോണിക് വീസ ലഭ്യമാകുന്ന സംവിധാമാണിത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വിക്രം കെ. ദ്വരെസ്വാമിയാണു സർക്കാർ തീരുമാനം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. തീരുമാനം പ്രാബല്യത്തിലാകുന്ന ദിവസം പിന്നീട് അറിയിക്കും.

ഇ-വീസ പുനരാരംഭിക്കാനുള്ള സിസ്റ്റം അപ്ഗ്രഡേഷൻ നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും വെബ്സൈറ്റ് വഴി അപേക്ഷകൾ സ്വീകരിക്കുന്ന നടപടി ഉടൻ ആരംഭിക്കുമെന്നും ഹൈക്കമ്മിഷണർ അറിയിച്ചു. സർക്കാർ തീരുമാനത്തെ ടൂറിസം മേഖല വളരെ പ്രതീക്ഷയോടെയാണു കാണുന്നത്. ഗ്രൂപ്പ് ടൂറിസം ഉൾപ്പെടെയുള്ളവയ്ക്ക് ഉണർവേകുന്ന തീരുമാനമാകും ഇത്.

2014ൽ ആരംഭിച്ച് വിജയകരമായി നടപ്പാക്കിയിരുന്ന ഇ-വീസ സംവിധാനം കോവിഡ്-19 പാൻഡമിക്കിനെത്തുടർന്ന് 2021 മാർച്ചിലാണ് നിർത്തലാക്കിയത്. അന്നുമുതൽ ഇന്ത്യയിലേക്കുള്ള വീസ ലഭിക്കാൻ അപേക്ഷകർ ബ്രിട്ടനിലെ പത്ത് വീസ സെന്ററുകളിൽ എവിടെയെങ്കിലും നേരിട്ടു ഹാജരാകേണ്ട സാഹചര്യമായിരുന്നു.

ഈ ദുർഘട സാഹചര്യത്തിനാണ് ഇ-വീസ പുനഃസ്ഥാപിക്കുന്നതിലൂടെ അന്ത്യമാകുന്നത്. മുൻകൂട്ടി സമയം നിശ്ചയിച്ച്, അനുവദിച്ച സമയത്തിനു 15 മിനിറ്റ് മുന്നേയെത്തി ഓഫിസിൽ മണിക്കൂറുകൾ കാത്തിരുന്നു വേണമായിരുന്നു ഓരോ ബ്രിട്ടീഷ് പൗരനും ഇന്ത്യയിലേക്ക് യാത്രപോകാൻ വീസ തരപ്പെടുത്തേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.