1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2022

സ്വന്തം ലേഖകൻ: ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്‍റെ (സി.ഇ.പി.എ) പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് ചെലവുകൾ 90 ശതമാനം കുറയുമെന്നും എണ്ണ ഇതര വ്യാപാരത്തിൽ വൻ കുതിപ്പ് രേഖപ്പെടുത്തുമെന്നും യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ എണ്ണയിതര വരുമാനം 100 ശതകോടി ഡോളറായി ഉയരും. വിവിധ രാജ്യങ്ങളുമായി സമാന കരാർ ഒപ്പിടാനുള്ള ശ്രമത്തിലാണ് യു.എ.ഇ ഈവർഷം എട്ടു കരാറുകൾ ഒപ്പുവെക്കാനാണ് ലക്ഷ്യം. ആദ്യ കരാർ ഇന്ത്യയുമായി ഒപ്പുവെച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഈ കരാർ മൂലം ഉഭയകക്ഷി വ്യാപാരം വർധിക്കുകയും 2030ഓടെ യു.എ.ഇയുടെ ജി.ഡി.പിയിൽ 1.7 ശതമാനം വർധിക്കുകയും ചെയ്യും.

യു.എ.ഇയുടെ കയറ്റുമതിയിൽ 1.5 ശതമാനവും ഇറക്കുമതിയിൽ 3.8 ശതമാനവും വർധനവുണ്ടാകും. തീരുവകൾ കുറയുകയും പൂർണമായി ഒഴിവാകുകയും ചെയ്യും. വിപണികൾ വിപുലീകരിക്കപ്പെടും. വ്യോമയാനം, പരിസ്ഥിതി, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, നിക്ഷേപം, നിർമാണം, സാമ്പത്തിക സേവനങ്ങൾ, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ സുപ്രധാന മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്വകാര്യമേഖലക്കും ഏറെ ഉപകാരപ്പെടും. 1.40 ലക്ഷം പേർക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാറുമായി ബന്ധപ്പെട്ട് ചർച്ചചെയ്യാൻ മന്ത്രി അബ്ദുല്ല ബിൻ തൗഖിന്‍റെ നേതൃത്വത്തിലുള്ള 80 അംഗ സംഘം ഡൽഹിയിൽ എത്തിയിട്ടുണ്ട്. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലുമായി അദ്ദേഹം ചർച്ച നടത്തി. അടുത്തദിവസം മുംബൈയിലും ചർച്ചകൾ നടക്കുന്നുണ്ട്. യു.എ.ഇ സഹമന്ത്രി അഹ്മദ് അൽ ഫലാസി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്മദ് അൽ ബന്ന, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അബൂദബി ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി, വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി എന്നിവരും സംഘത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.