1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2022

സ്വന്തം ലേഖകൻ: താലിബാൻ അഫ്ഗാനിസ്താൻറെ നിയന്ത്രണമേറ്റതിനുപിന്നാലെയുണ്ടായ കൂട്ടപ്പലായനത്തിലെ തിക്കിലും തിരക്കിലും അഫ്ഗാൻ സ്വദേശികൾക്ക് നഷ്ടപ്പെട്ട രണ്ടുമാസംപ്രായമുള്ള കുഞ്ഞ് തിരിച്ച് വീട്ടുകാരുടെ കൈകളിലേക്ക്. 2021 ഓഗസ്റ്റ്‌ 19-നായിരുന്നു സംഭവം.

യു.എസ്. നയതന്ത്ര കാര്യാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ മിർസ അലി അഹമ്മദിയും ഭാര്യ സുരയ്യയും സൊഹൈൽ അഹമ്മദി എന്ന തങ്ങളുടെ ഒാമനയെ കാബൂൾ വിമാനത്താവളത്തിനുമുന്നിലുള്ള മുള്ളുവേലിക്കുമുകളിലൂടെ യു.എസ്. സൈനികർക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. തിക്കിലും തിരക്കിലുംപെടാതെ സൊഹൈലിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ആ അച്ഛനും അമ്മയും ശ്രമിച്ചത്.

എന്നാൽ, വിമാനത്താവളത്തിനകത്തെത്തിയ ഇവർക്ക് സൊഹൈലിനെ കണ്ടെത്താനായില്ല. അവനുവേണ്ടി അവർ ഒരുപാട് തിരഞ്ഞു. കാര്യമുണ്ടായില്ല. തുടർന്ന് മിർസയും സുരയ്യയും നാലു സഹോദരങ്ങളുമടങ്ങുന്ന കുടുംബം രക്ഷാവിമാനത്തിൽ യു.എസിലേക്കുപറന്നു.

മാസങ്ങളോളം സൊഹൈലിനെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. എന്നാൽ, നവംബറിൽ സൊഹൈലിനെ കാണാതായ സംഭവം വിവരിച്ചുകൊണ്ട് ചിത്രസഹിതം റോയിറ്റേഴ്സ് വാർത്ത നൽകിയിരുന്നു. തുടർന്നാണ്‌ കാബൂളിലെ ടാക്സി ഡ്രൈവറായ ഹമീദ് സഫിയുടെ വീട്ടിൽ കുഞ്ഞുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സഫിയുമായി സൊഹൈലിന്റെ മുത്തച്ഛൻ ബന്ധപ്പെടുകയായിരുന്നു. എന്നാൽ, സൊഹൈലിനെ വിട്ടുതരാൻ ആദ്യം വിസമ്മതിച്ച സഫി, തന്നെയും കുടുംബത്തെയും യു.എസിലേക്ക്‌ കൊണ്ടുപോകണം എന്നതടക്കമുള്ള നിബന്ധനകൾവെച്ചു. പിന്നാലെനടന്ന ചർച്ചകൾക്കും താലിബാൻ പോലീസ് നടത്തിയ ഇടപെടലുകൾക്കും ശേഷമാണ് കുട്ടിയെ മുത്തച്ഛന് കൈമാറിയത്.

വിമാനത്താവളത്തിൽ നിലത്ത് ഏകാന്തനായി കരയുന്ന സൊഹൈലിനെ താൻ കണ്ടെത്തുകയായിരുന്നുവെന്നാണ് സഫി പറയുന്നത്. മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് സ്വന്തം മകനായി വളർത്താൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ യു.എസ്. മിഷിഗണിലെ ഒരു അപ്പാർട്ട്മെൻറിലാണ് മിർസ അലിയും കുടുംബവും കഴിയുന്നത്. സൊഹൈലിനെ ഉടൻതന്നെ യു.എസിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് കുടുംബം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.