1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2022

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ കേസുകൾ 528 ആയി ഉയർന്നു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട്.

പുതിയ ഒമിക്രോൺ കേസുകളിൽ 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. കോഴിക്കാട് നിന്നുള്ള 8 പേര്‍ക്കും കോട്ടയത്ത് നിന്നുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരില്‍ നിന്നുള്ള 3 പേരും കൊല്ലത്തു നിന്നുള്ള ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

കോഴിക്കോട് യുഎഇ 3, ഖത്തര്‍ 1, എറണാകുളം യുഎഇ 4, സൗദി അറേബ്യ, ബോട്‌സാന, ഖത്തര്‍, ഇറ്റലി, റൊമാനിയ ഒന്ന് വീതം, തൃശൂര്‍ യുഎഇ 3, യുഎസ്എ 1, തിരുവനന്തപുരം യുഎഇ 5, കുവൈത്ത് 1, കോട്ടയം യുഎഇ 2, കാനഡ 1, മലപ്പുറം യുഎഇ 1, സൗദി അറേബ്യ 1, ആലപ്പുഴ സൗദി അറേബ്യ 1, പാലക്കാട് യുഎഇ 1, വയനാട് ആസ്‌ട്രേലിയ 1 എന്നിങ്ങനെ വന്നവരാണ്.

സംസ്ഥാന്തെ ഒമിക്രോൺ കേസുകളിൽ365 പേർ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 92 പേർ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. 61 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 10 പേരാണുള്ളത്.

സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡ് ജീവനക്കാരുടെ ഇന്‍സെന്‍റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി രൂപ അനുവദിച്ചെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. 19,500ലധികം വരുന്ന കോവിഡ് ബ്രിഗേഡുകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഇവരുടെ അക്കൗണ്ടില്‍ തുകയെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. ആരോഗ്യ രംഗത്തും മറ്റു മേഖലയിലുമുള്ള സേവന സന്നദ്ധരായവരേയാണ് കോവിഡ് ബ്രിഗേഡില്‍ നിയമിച്ചത്. കോവിഡ് രണ്ടാം തരംഗ സമയത്ത് കോവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദേശീയ തലത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് ബ്രിഗേഡ് നിര്‍ത്തലാക്കിയിരുന്നു.

കൊറോണ വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ല. നേരത്തേ നിശ്ചയിച്ചു പോയ ഇത്തരം യോഗങ്ങൾ ഉണ്ടങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ അറിയിച്ചു.

കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം.

മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.