1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2022

സ്വന്തം ലേഖകൻ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതം തുറന്ന് 543 ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയർത്തും. അണക്കെട്ട് തുറക്കാന്‍ എല്ലാ മുൻകരുതലും സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു.

മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകളും അഞ്ച് സെന്റിമീറ്റർ വീതമാണ് തുറന്നത്. കൽപാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങൽകുത്തിൽനിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതിൽ ഉയർന്നില്ല. പരിഭ്രാന്തി വേണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് എവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും മുന്നറിയിപ്പില്ല.

കണ്ണൂരിൽ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂർ–മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുന്നു. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാട്ടിൽ വിവിധയിടങ്ങളിൽ സ്റ്റേ ബോട്ടുകൾ തയാറാക്കിയിട്ടുണ്ട്.

എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂർ, പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല