1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2022

സ്വന്തം ലേഖകൻ: മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയിൽ ശസ്ത്രക്രിയ നാലു മണിക്കൂറോളം വൈകി വൃക്ക സ്വീകർത്താവ് മരിച്ചതായി പരാതി. കാരക്കോണം സ്വദേശി സുരേഷ് (54) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു. 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനു മുന്നിലെത്തി. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി വാങ്ങാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.

അവിടെയുണ്ടായിരുന്ന ആംബുലൻസ് ജീവനക്കാര്‍ വൃക്ക സൂക്ഷിച്ചിരുന്ന പെട്ടിയുമായി റിസപ്ഷനിൽ എത്തിയെങ്കിലും എവിടെയാണ് എത്തിക്കേണ്ടതെന്നു നിർദേശിക്കാൻ ആരുമുണ്ടായില്ല. പിന്നീട് ഓപ്പറേഷൻ തിയേറ്റർ മുകളിലാണെന്നു വിവരം ലഭിച്ചതിനെ തുടർന്നു വൃക്കയുമായി ഇവർ ലിഫ്റ്റിൽ മുകളിലെത്തി. ഓപ്പറേഷൻ തിയറ്റർ അടഞ്ഞു കിടന്നതിനാൽ കാത്തു നിൽക്കേണ്ടിവന്നു. പിന്നീട് ചില ജീവനക്കാരെത്തി പെട്ടി ഏറ്റുവാങ്ങി. കൃത്യസമയത്ത് വൃക്ക എത്തിച്ച ആംബുലൻസ് ഡ്രൈവർ അനസിനെ മറ്റു ആംബുലൻസ് ഡ്രൈവർമാർ മാലയിട്ട് അഭിനന്ദിച്ചശേഷമാണ് മടക്കി അയച്ചത്.

വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാർ ഏറ്റുവാങ്ങിയശേഷമാണ് ഗുരുതര വീഴ്ചയുണ്ടായതെന്നാണ് ആക്ഷേപം. വൈകിട്ട് അഞ്ചരയോടെ വൃക്ക എത്തിച്ചെങ്കിലും 9 മണിക്കുശേഷമാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാകാത്തതിനെ തുടർന്ന് സ്വീകർത്താവ് പുലർ‌ച്ചെ മരിച്ചു. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസജ്ഞീവനി വഴിയാണ് വൃക്ക മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്.

ശനിയാഴ്ചയാണ് രാജഗിരിയിലെ രോഗി മരിച്ചത്. തുടർന്ന്, മുൻഗണനാക്രമം അനുസരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗിക്കു വൃക്ക നൽകാൻ തീരുമാനിച്ചു. ഇക്കാര്യം രാവിലെ തന്നെ മെഡിക്കൽ കോളജിനെ അറിയിച്ചു. ആറു രോഗികളിൽ ആർക്കു വൃക്ക യോജിക്കുമെന്നറിയാൻ പരിശോധന നടത്തി. ഉച്ചയോടെ സ്വീകർത്താവിനെ നിശ്ചയിച്ചു. എന്നാൽ പിന്നീട് നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ തമ്മിൽ ഏകോപനമുണ്ടായില്ല. കടുത്ത അനാസ്ഥയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അവയവം എത്തുന്നതിനു മുൻപു തന്നെ ഓപ്പറേഷൻ തിയേറ്റർ സജ്ജീകരിക്കണമെന്നും എത്രയും വേഗം അവയവം മാറ്റിവയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും വിദഗ്ധർ പറഞ്ഞു.

സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.