1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2023

സ്വന്തം ലേഖകൻ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത്് പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് നവാഫ് അല്‍ സബാഹ് തന്റെ മന്ത്രിസഭയുടെ രാജി കിരീടാവകാശിക്ക് സമര്‍പ്പിച്ചതായി പ്രാദേശിക, അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധനമന്ത്രി ഉള്‍പ്പടെയുള്ള കാബിനറ്റ് അംഗങ്ങള്‍ക്കെതിരെ ദേശീയ അസംബ്ലിയില്‍ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിസഭയുടെ രാജി. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല.

അമീര്‍ രാജി അംഗീകരിക്കുന്ന മുറക്കാകും തീരുമാനം പ്രാപല്യത്തില്‍ വരിക. ധന പ്രതിസന്ധിയെ തുടര്‍ന്ന് ധന മന്ത്രി അബ്ദുല്‍ വഹാബ് അല്‍ റാഷിദ്, കാബിനറ്റ് കാര്യ മന്ത്രി ബറാക്ക് അല്‍ ഷിത്താന്‍ എന്നിവര്‍ക്കെതിരെ ദേശീയ അസംബ്ലിയില്‍ കുറ്റ വിചാരണ പ്രമേയം അവതരിപ്പിക്കുമെന്ന് എം പിമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭ രാജിവച്ചതായുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനു തൊട്ടുമുമ്പുള്ള മന്ത്രിസഭയും പാര്‍ലമെന്റുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.

രാഷ്ട്രീയ എതിരാളികള്‍ക്ക് പൊതുമാപ്പ് അനുവദിക്കുക, അഴിമതി തടയുക, ചില പ്രധാന സ്ഥാപനങ്ങള്‍ പുനസംഘടിപ്പിക്കുക തുടങ്ങിയ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച് രാഷ്ട്രീയ ഭിന്നത മറികടക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയുടെ രാജി.

കഴിഞ്ഞ സെപ്റ്റംബര്‍ 29 ലാണ് പുതിയ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള പാര്‍ലെന്റാണ് ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബര്‍ അഞ്ചിനു മന്ത്രി സഭ രൂപീകരിച്ചിരുന്നുവെങ്കിലും ചില മന്ത്രിമാര്‍ കാബിനറ്റില്‍ ചേരാന്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന കൂടിയാലോചനകള്‍ക്ക് ശേഷം ഒക്ടോബര്‍ 17ന് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രി സഭ അധികാരമേറ്റെങ്കിലും നാലു മാസത്തിന് ശേഷം വീണ്ടും സര്‍ക്കാര്‍ രാജിവെച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.