1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ ഗാർഹിക തൊഴിലാളികളിൽ 47% ഇന്ത്യക്കാർ. 2021 ജൂണിലെ കണക്കുപ്രകാരം 3,43,335 ഇന്ത്യക്കാരാണ് വീട്ടുജോലിക്കാരായി ജോലി ചെയ്യുന്നത്. ഇതിൽ ‍71% പുരുഷന്മാരും 29% സ്ത്രീകളുമാണ്. പാചകം, ശുചീകരണം, പൂന്തോട്ട സംരക്ഷണം, കുട്ടികളുടെയും വയോധികരുടെയും ഭിന്നശേഷിക്കാരുടെയും രോഗികളുടെയും പരിപാലനം, ഡ്രൈവർമാർ എന്നീ തസ്തികകളിലാണ് ഇവ ജോലി ചെയ്യുന്നത്.

അംഗീകൃത റിക്രൂട്ടിങ് ഏജൻസി വഴിയോ സർക്കാർ സ്ഥാപനങ്ങളോ കമ്പനികളോ വഴിയോ തൊഴിൽ കരാറുണ്ടാക്കി മാത്രമേ വിദേശ ജോലിക്കു പോകാവൂ. വ്യാജ ഏജൻസികളുടെ വാഗ്ദാനത്തിൽപ്പെട്ട് വഞ്ചിതരാകരുത്. ഏജൻസിയെക്കുറിച്ച് ഇ–മൈഗ്രേറ്റ് വെബ്സൈറ്റിലോ എംബസിയിലോ നോർക്കയിലോ അന്വേഷിച്ച് ഉറപ്പുവരുത്തണം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്ന കരാറിൽ ജോലിയുടെ സ്വഭാവം, ജോലി സമയം, വേതനം, ഇതര ആനുകൂല്യങ്ങൾ എന്നിവ രേഖപ്പെടുത്തിയിരിക്കണം.

ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാർ അനുസരിച്ചേ റിക്രൂട്ട് ചെയ്യാവൂ. നിശ്ചിത വേതനമില്ലാത്ത തൊഴിൽ കരാർ എംബസി സാക്ഷ്യപ്പെടുത്തില്ല. എംബസി അറ്റസ്റ്റ് ചെയ്ത തൊഴിൽ കരാർ അനുസരിച്ചാണ് ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കുവൈത്തിൽ ജോലിക്കു എത്തേണ്ടത്. ഇങ്ങനെ എത്തുന്നവർക്ക് ശമ്പളം, താമസം, അവധി തുടങ്ങിയ കാര്യങ്ങളിൽ പ്രയാസമുണ്ടാകില്ല.

ശമ്പളം തൊഴിലാളിയുടെ പേരിൽ എടുത്ത ബാങ്ക് അക്കൗണ്ട് വഴി നൽകണം. ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയുമുണ്ടാകണം. തൊഴിലാളിയുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ ‍പാടില്ല. നിയമം ലംഘിക്കുന്ന ഏജൻസിക്കും കമ്പനികൾക്കും തൊഴിലുടമകൾക്കും എതിരെ നിയമ നടപടിയുണ്ടാകും. തൊഴിലാളിക്ക് 24 മണിക്കൂറും എംബസിയുമായി ബന്ധപ്പെടാനും സൗകര്യമുണ്ട്.

വിദേശത്തു ജോലിക്കു പോകുന്നവരുടെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, വീസ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് സ്വന്തം വീട്ടിലോ ഉത്തരവാദപ്പെട്ടവരുടെ പക്കലോ സൂക്ഷിക്കണം. രേഖകൾ വിദേശത്തു നഷ്ടപ്പെട്ടാലോ മറ്റോ എമർജൻസി എക്സിറ്റ് (ഔട്പാസ്) എടുത്ത് നാട്ടിലേക്ക് അയയ്ക്കണമെങ്കിൽ ഈ പകർപ്പ് അനിവാര്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.