1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതല്‍ സൗജന്യ ചികില്‍സ ലഭിക്കില്ല. പകരം പ്രവാസികള്‍ക്കു പ്രത്യേകമായി സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ആശുപത്രികള്‍ സ്ഥാപിക്കും. ഈ വര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വദേശികള്‍ക്കു മാത്രമാക്കി മാറ്റാനാണ് ഭരണകൂടത്തിന്റെ പദ്ധതി.

ഇതുവഴി ഇവിടെ കുവൈത്ത് പൗരന്‍മാര്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കാന്‍ അവസരമൊരുങ്ങുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ ചികില്‍സയ്ക്കായി സര്‍ക്കാരിന് വലിയ തുക ചെലവാക്കേണ്ടി വരുന്നതായും ഇത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നതായുമാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെ പ്രവാസികളുടെ ചികില്‍സയ്ക്കായി മാത്രം പുതിയ ആശുപത്രികള്‍ പണിയാന്‍ അധികൃതര്‍ തീരുമാനം കൈക്കൊണ്ടത്.

പ്രവാസികള്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നതിനായി അവര്‍ക്ക് മാത്രമായുള്ള പ്രൈമറി, സെക്കന്ററി ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനി അഥവാ ദമാന്‍ എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അധികൃതരുടെ കണക്കുകൂട്ടല്‍. മിഡിലീസ്റ്റിലെ ഏറ്റവും വലിയ സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനമായി ദമാന്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ 32 ലക്ഷത്തോളം വരുന്ന പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും ചികില്‍സാ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പുതുതായി ഹെല്‍ത്ത് മെയിന്റനന്‍സ് ഓര്‍ഗനൈസേഷന്‍ എന്ന സംവിധാനത്തിന് മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്. പ്രവാസികളുടെ ചികില്‍സയ്ക്കായി മൂന്ന് സെക്കന്ററി ആരോഗ്യ കേന്ദ്രങ്ങള്‍ പ്രത്യേകമായി ഒരുക്കാനാണ് പദ്ധതി. മൂന്ന് ആശുപത്രികളിലായി 900 പേരെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇതിനു പുറമെ, പ്രവാസി ജനസംഖ്യയുള്ള 15 ഇടങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിക്കും.

രാജ്യത്തെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കും ചികില്‍സ ലഭ്യമാക്കുന്ന സംവിധാനം തുടരുക അസാധ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദമാന്‍ കമ്പനിക്ക് അധികൃതര്‍ രൂപം നല്‍കിയിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികള്‍ക്കും ചികില്‍സ ലഭ്യമാക്കുന്ന നടപടി പ്രവാസികളുടെ ആരോഗ്യ സുരക്ഷയുടെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതിന് പരിഹാരമെന്നോണമാണ് പ്രവാസികളുടെ ചികില്‍സ സ്വകാര്യവല്‍ക്കരിക്കാന്‍ അധികൃതര്‍ തീരുമാനം കൈക്കൊണ്ടത്. ഈ സമ്പ്രദായം നടപ്പിലാക്കുന്നത് സര്‍ക്കാരിനെന്ന പോലെ രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, പ്രവാസികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ സ്വകാര്യ ആശുപത്രികള്‍ വഴി ചികില്‍സ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടൊപ്പം ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വ്യാപകമാക്കാനും ദമാന്‍ വഴി സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന രീതിയിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക വഴി വലിയ ചെലവ് വരാതെ അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്രവാസികള്‍ക്കായുള്ള ആശുപത്രികളിലും മികച്ച ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രത്യേകം പ്രത്യേകം ആരോഗ്യ കേന്ദ്രങ്ങള്‍ എന്നത് വിവേചനപരമായി കണക്കാക്കപ്പെടുമെന്ന അഭിപ്രായവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. പല വികസിത രാജ്യങ്ങളിലും ചികില്‍സയുടെ കാര്യത്തില്‍ സ്വദേശി, വിദേശി വിവേചനമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ പല വികസിത രാജ്യങ്ങളും പ്രവാസികളില്‍ നിന്ന് വലിയ തുക നികുതി ഇനത്തില്‍ ഈടാക്കുന്ന കാര്യമാണ് കുവൈത്ത് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കുവൈത്ത് പ്രവാസികളില്‍ നിന്ന് ഏതെങ്കിലും രീതിയിലുള്ള നികുതി ഈടാക്കുന്നില്ലെന്നും അതിനാല്‍ അവരുടെ ചികില്‍സാ ചെലവ് കൂടി വഹിക്കുക സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാവുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.