1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ കിടപ്പുരോഗികള്‍ക്ക് കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ വീടുകളിലെത്തിക്കാനുള്ള പദ്ധതിയുമായി ആരോഗ്യ വകുപ്പ്. രോഗികളുടെ മൊത്തത്തിലുള്ള ആരോഗ്യം കണക്കിലെടുത്ത് കൊണ്ട് വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കൂടി സേവനങ്ങള്‍ വീടുകളിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതിയെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സഈദ് അറിയിച്ചു.

പുതിയ കുവൈത്ത് വിഷന്‍ 2035ന്റെ ഭാഗമായി രാജ്യത്തെ ജനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പുതിയ ഹെല്‍ത്ത് പ്രോട്ടോക്കോള്‍ നടപ്പിലാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുകയെന്ന സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ് കിടപ്പുരോഗികള്‍ക്കു കൂടി മികച്ച ആരോഗ്യ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി വിട്ടുമാറാത്ത രോഗങ്ങളുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം വീടുകള്‍ സന്ദര്‍ശിക്കും. ഇവര്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കുകയും ചെയ്യും.

ദന്ത രോഗവിദഗ്ധര്‍, ഫിസിയോ തെറപ്പിസ്റ്റുകള്‍, ന്യൂട്രീഷന്‍ വിദഗ്ധര്‍ തുടങ്ങിയവരുടെ സേവനങ്ങളും കിടപ്പുരോഗികള്‍ക്ക് ലഭ്യമാക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ സെന്‍ട്രല്‍ ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ പ്രൈമറി ഹെല്‍ത്ത് കെയറിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പുതിയ പദ്ധതി നടപ്പിലാക്കുന്നതിനായി ആരോഗ്യ വകുപ്പ് നടത്തിയ സേവനങ്ങളെ മന്ത്രി പ്രകീര്‍ത്തിച്ചു.

കുടുംബ ഡോക്ടര്‍, ദന്തരോഗ വിദഗ്ധന്‍, ഫിസിയോതെറപ്പി ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, നഴ്സ്, ലബോറട്ടറി ടെക്നീഷ്യന്‍, ന്യൂട്രീഷനിസ്റ്റ് തുടങ്ങിയവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് വീടുകള്‍ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തുകയും ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന് സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൈമറി ഹെല്‍ത്ത് കെയര്‍ ഡയരക്ടര്‍ ഡോ. ദിന അല്‍ ദുബൈബ് അറിയിച്ചു.

ഇവരുടെ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇതിനായി പ്രത്യേകം സജ്ജമാക്കുന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെട്ട ഹെല്‍ത്ത് സെന്റര്‍ വഴിയോ അപേക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.