1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രത്യേക പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ് വിവരം. കുവൈത്തിലെ തൊഴില്‍ കമ്പോളത്തില്‍ ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യത അനുഭവിക്കുന്ന 26 മേഖലകളില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് തൊഴിലുകളാണ് കൂടുതലും. സിവില്‍ സര്‍വീസ് കമ്മീഷനാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള തൊഴിലാളികളുടെ മേഖലകള്‍ കണ്ടെത്തിയത്.

ഇതുപ്രകാരം ഹ്യൂമണ്‍ മെഡിസിന്‍, ഡെന്റിസ്ട്രി, വെറ്ററിനറി മെഡിസിന്‍, നഴ്‌സിംഗ്, മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഓഡിയോളജി, ഫാര്‍മസി, സോഷ്യല്‍ സര്‍വീസ്, ഗ്രാഫിക്‌സ്, സൈക്കോളജി, ഫിസിക്‌സ്, ലൈബ്രറി സയന്‍സ്, ഇന്‍ഫര്‍മേഷന്‍, ഇന്‍ഫര്‍മേഷന്‍ സ്റ്റഡീസ്, കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചീനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, സോഷ്യോളജി, എലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജി എന്നീ മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങളുള്ളത്. ഈ മേഖലകളില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവര്‍ക്കാണ് അവസരമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ആലീഡ് ഹെല്‍ത്ത് സയന്‍സസ് എന്നിവയ്ക്കു പുറമെയാണിത്.

അതേസമയം, കുവൈത്ത് തൊഴില്‍ കമ്പോളത്തില്‍ തീരെ ആവശ്യമില്ലാത്ത 14 തൊഴില്‍ മേഖലകളും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. മാധ്യമ രംഗം. ചരിത്രപഠനം, അന്താരാഷ്ട്ര ബന്ധങ്ങള്‍, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, പെട്രോളിയം എഞ്ചിനീയറിംഗ്, ഓയില്‍ ആന്റ് ഗ്യാസ് എഞ്ചിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ ആന്റ് സിസ്റ്റംസ് എഞ്ചിയീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, നിയമം തുടങ്ങിയ മേഖലകളാണിവ.

അതിനിടെ, ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ 22,000 വിദേശികള്‍ പുതുതായി രാജ്യത്ത് എത്തിയതായി കണക്കുകള്‍. ഇവരില്‍ 13,558 പേര്‍ ഇന്ത്യക്കാരാണ്. ഗാര്‍ഹികമേഖലയിലേക്കാണ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തൊഴിലാളികള്‍ എത്തിയതെന്നും മാന്‍പവര്‍ അതോറിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കി. 2022 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ കുവൈത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട വിദേശ തൊഴിലാളികളുടെ കണക്കാണ് മാന്‍പവര്‍ അതോറിറ്റി പുറത്തു വിട്ടത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. ഇതുപ്രകാരം 22,000 തൊഴിലാളികളാണ് ഈ വര്‍ഷം ആദ്യപാദത്തില്‍ പുതുതായി കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്.

ഇവരില്‍ 19,532 പേര്‍ ഗാര്‍ഹികത്തൊഴിലാളി വിസയിലാണ് എത്തിയത്. അഥവാ പുതുതായി കുവൈത്തിലെത്തിയ വിദേശികളില്‍ 88.9 ശതമാനം പേരും ഗാര്‍ഹിക ജോലിക്കാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക വിസയില്‍ ഏറ്റവും കൂടുതല്‍ റിക്രൂട്മെന്റ് നടന്നത് ഇന്ത്യയില്‍ നിന്നാണ്. 11,591 ഇന്ത്യക്കാരാണ് ഗാര്‍ഹിക ജോലിക്കായി ഈ കാലയളവില്‍ കുവൈത്തിലെത്തിയത്. ഇന്ത്യ കഴിഞ്ഞാല്‍ ഗാര്‍ഹിക മേഖലയിലേക്ക് കൂടുതല്‍ പേര്‍ വന്നത് ഫിലിപ്പീന്‍സില്‍ നിന്നാണ്- 5,631 പേര്‍. ബംഗ്ലാദേശ്, ശ്രീലങ്ക, ബെനിന്‍, സുഡാന്‍ എന്നീ രാജ്യങ്ങളാണ് ഈ വര്‍ഷം കുവൈത്തിലേക്ക് ഗാര്‍ഹിക ജോലിക്കാരെ അയച്ച മറ്റു രാജ്യങ്ങള്‍. നൂറില്‍ താഴെ പേര്‍ മാത്രമാണ് ഈ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍.

അതേസമയം, മറ്റ് തൊഴില്‍ മേഖലകളില്‍ പ്രവാസികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 50 ശതമാനത്തോളം പേരാണ് മറ്റു മേഖലകളില്‍ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1967 ഇന്ത്യക്കാരുടെയും 1415 ഈജിപ്തുകാരുടെയും കുറവ് സ്വകാര്യ മേഖലയില്‍ രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സ്വകാര്യവല്‍ക്കരണ നയങ്ങളും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കൊഴിഞ്ഞുപോക്കുമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.