1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2022

സ്വന്തം ലേഖകൻ: സ്വകാര്യ വീടുകളിലും റെസിഡന്‍സ് ഏരിയകളിലും അനധികൃതമായി ബാച്ചിലേഴ്‌സ് താമസിക്കുന്നത് കണ്ടെത്തി അവരെ ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശവുമായി കുവൈത്ത് അധികൃതര്‍. ഫര്‍വാനിയ്യ, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പല്‍ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അമ്മാര്‍ അല്‍ അമ്മാറാണ് ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കുടുംബങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ പ്രാവാസികളായ ബാച്ചിലേഴ്‌സ് താമസിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അല്‍ അസീമ, ഹവാലി, ഫര്‍വാനിയ്യ, ജഹ്‌റ എന്നീ നാലു ഗവര്‍ണറേറ്റുകളില്‍ നിന്നു മാത്രം ഇത്തരം 200ലേറെ പരാതികകള്‍ ലഭിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. പരാതികളുടെ അടിസ്ഥാനത്തില്‍ ഇവിടങ്ങളിലെ 53 താമസ കേന്ദ്രങ്ങളില്‍ നിന്നായി നൂറു കണക്കിന് പ്രവാസികളെ കുടിയൊഴിപ്പിച്ചു കഴിഞ്ഞു. കൂടുതല്‍ പ്രദേശങ്ങളില്‍ പരിശോധനകള്‍ തുടരുകയാണ്.

ആഭ്യന്തര മന്ത്രാലയം, ഇലക്ട്രിസിറ്റി, വാട്ടര്‍ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ബാച്ചിലേഴ്‌സിനെ കുടിയൊഴിപ്പിക്കുന്ന ക്യാംപയിന്‍ നടക്കുന്നതെന്നും അല്‍ അമ്മാര്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരമാണ് നടപടി. ബാച്ചിലേഴ്‌സിന് താമസിക്കാന്‍ അനുവാദമില്ലാത്ത കെട്ടിടങ്ങളില്‍ അവരെ താമസിപ്പിക്കുന്ന കേസുകളില്‍ പരാതി സത്യമാണോ എന്നറിയാന്‍ മുനിസിപ്പിലാറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

പരാതി സത്യമാണെന്ന് കണ്ടെത്തുന്ന പക്ഷം അനധികൃത താമസക്കാരെ ഒഴിവാക്കണമെന്ന് കാണിച്ച് കെട്ടിടത്തിന്റെ ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കും. പരാതി സത്യമാണോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത കേസുകളില്‍ ഇവിടെ ബാച്ചിലേഴ്‌സ് താമസിക്കുന്നുണ്ടോ എന്ന് രഹസ്യമായി കണ്ടെത്താന്‍ സിഐഡി വിഭാഗത്തിന്റെ സഹായം തേടും.

നിയമ വിരുദ്ധമായി ബാച്ചിലേഴ്‌സിനെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമയ്‌ക്കെതിരായ പരാതി ബന്ധപ്പെട്ട മുനിസിപ്പാലിറ്റി നിയമ വകുപ്പിന് അയക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മുന്നറിയിപ്പ് അവഗണിച്ച് കുടുംബ സമേതമല്ലാതെ താമസിക്കുന്ന പ്രവാസി ഒഴിപ്പിക്കാത്ത കേസുകളില്‍ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതാണ് അടുത്ത പടി. മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് വൈദ്യുതി ജല മന്ത്രാലയം ഇലക്ട്രിസിറ്റ് ബന്ധം കട്ട് ചെയ്യുക. ബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ചു കഴിഞ്ഞാല്‍ മാത്രമേ വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനസ്ഥാപിക്കാവൂ എന്നും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, റിയല്‍ എസ്റ്റേറ്റ് ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷാ നടപടി സ്വീകരിക്കാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അഹ്മദ് അല്‍ മന്‍ഫൂഹി നിര്‍ദ്ദേശം നല്‍കി. ബില്‍ഡിംഗ് വയലേഷന്‍സ് ഫോളോഅപ് കമ്മിറ്റിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി ചുമതലപ്പെടുത്തപ്പെട്ട മുനിസിപ്പാലിറ്റി ജീവനക്കാര്‍ കൃത്യവിലോപം കാണിക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇതിനാല്‍ കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് കെട്ടിടങ്ങളും മറ്റും പരിശോധിക്കാനും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.